ഇന്നോവയിൽ ഹൈക്കോടതി ജഡ്ജ് ബോർഡും ബീക്കൺ ലൈറ്റും, കൊച്ചി റിസോർട്ടിൽ മുറിയെടുത്തു, പണം നൽകാതെ മുങ്ങവെ പിടിയിൽ

Advertisement

കൊച്ചി: മുംബൈ ഹൈക്കോടതി ജഡ്ജി എന്ന പേരിൽ റിസോർട്ടിൽ മുറിയെടുത്ത് താമസിച്ച ശേഷം പണം കൊടുക്കാതെ മുങ്ങാൻ ശ്രമിച്ചയാൾ പിടിയിൽ. മഹാരാഷ്ട്ര നാഗ്പൂർ സ്വദേശി ഹിമാലയ് മാരുതി ദേവ്കോട്ട് (24 )ആണ് മുനമ്പം പൊലീസിന്റെ പിടിയിലായത്. മുംബൈ ഹൈക്കോടതി ജഡ്ജ് എന്ന ബോർഡ് ഘടിപ്പിച്ച് ബീക്കൺ ലൈറ്റ് വച്ച ഇന്നോവ കാറിൽ രണ്ടു ദിവസം മുൻപ് ചെറായി ബീച്ചിൽ റിസോർട്ടിൽ എത്തിയ ഇയാൾക്ക് ഒപ്പം മറ്റ് മൂന്ന് യുവാക്കളും ഉണ്ടായിരുന്നു.

വെള്ളിയാഴ്ച പണം നൽകാതെ മുങ്ങാൻ ശ്രമിച്ച സംഘത്തെ റിസോർട്ട് ഉടമ തടഞ്ഞുവെക്കുകയും പൊലീസിൽ അറിയിക്കുകയുമായിരുന്നു. ജുഡീഷ്യൽ ഓഫീസറാണെന്ന് അവകാശപ്പെട്ട് ഫോട്ടോ ഷൂട്ട് നടത്താൻ ഫ്രീലാൻസ് ഫോട്ടോഗ്രഫി സ്ഥാപനം നടത്തുന്ന തങ്ങളെ പ്രതി ബന്ധപ്പെടുകയായിരുന്നെന്നും, വാഹനം അയച്ചു തന്ന് കൂടെ കൂട്ടുകയായിരുന്നു എന്നുമാണ് കൂടെയുള്ളവർ പറയുന്നത്. സമാന രീതിയിൽ ട്രാവൽ ഏജൻസിയിൽ നിന്ന് തരപ്പെടുത്തിയതാണ് വാഹനം എന്ന് ഡ്രൈവർ പറയുന്നു.

മുംബൈയിൽ നിന്ന് പുറപ്പെട്ട സംഘം മുരടേശ്വരത്ത് വി ഐ പിയായി എത്തുകയും തുടർന്ന് ചെറായി ബീച്ചിലെത്തി റിസോർട്ടിൽ താമസിച്ചു വരികയുമായിരുന്നു. പൊലീസ് പിടിയിലായപ്പോഴാണ് കൂടെയുണ്ടായിരുന്നത് വ്യാജ ജഡ്ജ് ആണെന്ന് മറ്റുള്ളവർ പോലും അറിഞ്ഞത് എന്നാണ് വിവരം. റിസോർട്ടുടമയുടെ പരാതിയിൽ മുനമ്പം പൊലീസ് കേസെടുത്തു. അന്വേഷണം തുടരുകയാണെന്നാണ് മുനമ്പം പൊലീസ് പറയുന്നത്.

Advertisement