അതിർത്തികൾ കടന്നും പ്രണയം പൂക്കുന്ന കാലമാണിത്. പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്കും ഇന്ത്യയിൽ നിന്ന് പാകിസ്ഥാനിലേക്കും ചൈനയിൽ നിന്ന് പാകിസ്ഥാനിലേക്കും ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്കും കാമുകിമാർ വിസ ഉപയോഗിച്ചും വിസ ഇല്ലാതെ കള്ളവണ്ടി കയറിയും കാമുകന്മാരെ വിവാഹം കഴിക്കാനായി പോയ വാർത്തകൾ കഴിഞ്ഞ കുറച്ച് ആഴ്ചകളായി നമ്മൾ വായിക്കുന്നു. ഇതിനിടെയാണ് വിസ കിട്ടാത്തതിനാൽ ഒരു പാകിസ്ഥാൻ വധു തൻറെ പ്രതിശ്രുത വരനും ജോധ്പൂർ സ്വദേശിയുമായ ആളെ ഓൺലൈനിൽ വിവാഹം കഴിച്ചെന്ന വാർത്ത പുറത്ത് വന്നത്. കൊവിഡ് കാലത്ത് വ്യാപകമായ ഒരു രീതിയായിരുന്നു ഓൺലൈൻ വിവാഹങ്ങൾ. ഇപ്പോൾ വിസ കിട്ടാതെ വരുമ്പോഴും വിവാഹിതരാകാനുള്ള മാർഗ്ഗമായി ഓൺലൈൻ മാറിയിരിക്കുന്നു.
പാകിസ്ഥാൻ കറാച്ചി സ്വദേശിയായ അമീനയാണ് വിവാഹത്തിന് ഇന്ത്യയിലേക്ക് വരാൻ വിസ കിട്ടാത്തതിനെ തുടർന്ന് ഇന്ത്യൻ പ്രതിശ്രുതവരനും ജോധ്പൂർ സ്വദേശിയുമായ അർബാസ് ഖാനെ ഓൺലൈനിലൂടെ വിവാഹം കഴിച്ചത്. “അമീന വീണ്ടും വിസയ്ക്ക് അപേക്ഷിക്കും. ഞാൻ പാകിസ്ഥാനിൽ വച്ച് വിവാഹം കഴിച്ചില്ല, കാരണം അത് അംഗീകരിക്കപ്പെടില്ല. അവൾ ഇന്ത്യയിൽ എത്തിയാൽ ഞങ്ങൾ വീണ്ടും വിവാഹം കഴിക്കേണ്ടിവരും’ കഴിഞ്ഞ ബുധനാഴ്ച നടന്ന ചടങ്ങിന് ശേഷം അർബാസ് മാധ്യമങ്ങളോട് പറഞ്ഞു.
ചാർട്ടേഡ് അക്കൗണ്ടൻറായ അർബാസ് ഖാൻ തൻറെ സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം ജോധ്പൂരിലെ ഓസ്വാൾ സമാജ് ഭവനിൽ ബുധനാഴ്ച വിവാഹത്തിനായി എത്തിയിരുന്നു. ഇവിടെ വച്ചാണ് ‘നിക്കാഹ്’ നടന്നത്. വധു അമീന വിവാഹത്തിന് ഓൺലൈനിലൂടെ പങ്കെടുത്തു. ചടങ്ങുകൾക്ക് ശേഷം ആഘോഷങ്ങളും നടന്നു. ജോധ്പൂർ ഖാസിയാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. അദ്ദേഹം, ദമ്പതികൾക്ക് സന്തോഷകരമായ ദാമ്പത്യ ജീവിതം ആശംസിച്ചു. “ഞങ്ങളുടെ കുടുംബാംഗങ്ങൾ ഈ വിവാഹം നേരത്തെ നിശ്ചയിച്ചിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ഈ ദിവസങ്ങളിൽ ശരിയല്ലെന്നതാണ് നിക്കാഹ് ഓൺലൈനിൽ നടത്താൻ കാരണം,” അർബാസ് പറയുന്നു. അമീനയ്ക്ക് ഉടൻ വിസ ലഭിക്കുമെന്നും ഇന്ത്യയിലേക്ക് വരാൻ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.