ഐ എ എസുകാരനാകണമെന്ന് ആഗ്രഹിച്ചു; എന്നാൽ, കലാപം തോമസിനെ അഭയാർത്ഥിയാക്കി !

Advertisement

ഓരോ കലാപങ്ങളും ഇല്ലാതാക്കുന്നത് തലമുറകളെ തന്നെയാണ്. വംശീയ കലാപങ്ങളാണെങ്കിൽ അവയ്ക്ക് തീവ്രത അല്പം കൂടും. കാരണം അവയ്ക്ക് തലമുറകളിലേക്കും പടരാനുള്ള ഊർജ്ജമുണ്ടെന്നത് തന്നെ. അതെ, കലാപങ്ങൾ വളർന്നു വരുന്ന തലമുറകളെ കൂടി അരക്ഷിതാവസ്ഥയിലേക്ക് തള്ളി നീക്കുന്നു. കഴിഞ്ഞ മൂന്ന് മാസമായി രാജ്യത്തിൻറെ ഹൃദയത്തെ തന്നെ കീറിമുറിക്കുന്ന വാർത്തകളാണ് മണിപ്പൂരിൽ നിന്ന് വരുന്നത്. കലാപത്തിൻറെ ആദ്യ മാസങ്ങളിൽ വാർത്തകൾ സംസ്ഥാനത്തിന് പുറത്ത് പോകാതിരിക്കാനായി സർക്കാർ ഇൻറർനെറ്റ് വിച്ഛേദിച്ചു. ഇന്ന് അപൂർവ്വം ചില വാർത്തകളെങ്കിലും പുറത്ത് വന്ന് തുടങ്ങിയിരിക്കുന്നു.

മണിപ്പൂരിൽ കുക്കി, മെയ്തെയ് ഗോത്രങ്ങൾ തമ്മിലുള്ള കലാപം അതിൻറെ ഏറ്റവും ഭീകരമായ അവസ്ഥയിലേക്ക് നീങ്ങുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. സായുധ സേനകളുടെ ആയുധപ്പുരകൾ അക്രമിച്ച അക്രമി സംഘങ്ങൾ ഏതാണ്ട് അഞ്ച് ലക്ഷം വെടിയുണ്ടകളാണ് തട്ടിയെടുത്തത്. ഒപ്പം ഇന്ത്യൻ സൈന്യം ഉപയോഗിക്കുന്നതരം അത്യാധുനീക ആയുധങ്ങളും. അപ്പോഴും കലാപം അടിച്ചമർത്തുന്നതിന് പകരം കൊണ്ടു പോയ ആയുധങ്ങൾ തിരിച്ചേൽപ്പിക്കാനുള്ള പെട്ടികൾ സ്ഥാപിക്കുക മാത്രമാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്.

മുതിർന്നവരുടെ ഈ കലാപങ്ങൾ ബാധിക്കുന്നത് അവരെ മാത്രമല്ല. അത് സ്ത്രീകളെയും കുട്ടികളെയും ഒരു പോലെ ബാധിക്കുന്നു. മണിപ്പൂരിൽ, കലാപങ്ങൾക്ക് നേതൃത്വം നൽകാൻ സ്ത്രീകളുമുണ്ടെന്ന വർത്തകൾ ആശങ്കയോടെയല്ലാതെ കേൾക്കാൻ കഴിയില്ലെന്നതാണ് യാഥാർത്ഥ്യം. സ്ത്രീകളും പുരുഷന്മാരും കലാപത്തിലേക്ക് ഇരച്ചെത്തുമ്പോൾ അനാഥരാകുന്നത് കുട്ടികളാണ്. വളർന്നുവരുന്ന തലമുറയാണ്. അവരെ കൂടിയാണ് കലാപങ്ങൾ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്നത്. കലാപം അവസാനമില്ലാതെ വ്യാപിക്കുമ്പോൾ അച്ഛനമ്മമാർ നഷ്ടപ്പെട്ട്, തുടർപഠനം പോലും നിഷേധിക്കപ്പെട്ട്, പഠിച്ചിരുന്ന സ്കൂളിൽ തന്നെ അഭയാർത്ഥികളായി കഴിയുന്ന കുരുന്നുകൾ നാളത്തെ രാജ്യത്തെ പൗരന്മാരാണെന്ന് പോലും പരിഗണിക്കാൻ നിലവിലെ രാഷ്ട്രീയ നേതൃത്വം തയ്യാറാവുന്നില്ലെന്നത് അങ്ങേയറ്റം ആശങ്കയുണ്ടാക്കുന്നു.

കലാപമുണ്ടായ ആദ്യ മാസങ്ങളിൽ മൂന്ന് സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്തതാണ് തോമസ് എന്ന പ്ലസ്ടു വിദ്യാർത്ഥി, തൻറെ ജീവൻ രക്ഷിച്ചത്. അതും റോഡ് മാർഗ്ഗമല്ല. ആകാശമാർഗ്ഗം. റോഡ് മാർഗ്ഗം യാത്ര ചെയ്താൽ വഴിയിൽ എവിടെ നിന്ന് വേണമെങ്കിലും മെയ്തെയ്‍കളുടെ ആക്രമണം പ്രതീക്ഷിക്കാം. അതൊഴിവാക്കാനായിരുന്നു ഈ ആകാശയാത്ര. അമ്മയുടെ ബന്ധുക്കളുടെ സഹായത്തോടെ ഇംഫാലിൽ നിന്ന് ഗുവഹാത്തിയിലേക്ക് വിമാന ടിക്കറ്റ് കിട്ടി, അവിടെ നിന്ന് ഷില്ലോങ്ങിലേക്ക് പോയി, പിന്നീട് ഷില്ലോങ്ങിൽ നിന്ന് നാഗലാൻഡ് വഴി റോഡ് മാർഗമാണ് തിരികെ നാട്ടിലെത്തിയത്. കലാപ കാലത്ത് ഇംഫാലിൽ നിന്ന് നേരിട്ട് വീട്ടിലേക്ക് വരാൻ പറ്റാത്തതിനാലാണ് തോമസിന് ഈ വളഞ്ഞ വഴി സ്വീകരിക്കേണ്ടി വന്നത്. കലാപത്തിന് മുമ്പ് ഇംഫാലിൽ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ്ടു വിദ്യാർത്ഥിയായിരുന്നു തോമസ്. ഇന്ത്യയുടെ ഭരണം നിയന്ത്രിക്കുന്ന സിവിൽ സർവ്വീസിൽ ജോലി ചെയ്യണമെന്ന് ആഗ്രഹിച്ച് പ്ലസ്ടു പഠന കാലത്ത് തന്നെ അതിനുള്ള ഒരുക്കൾ തുടങ്ങിയ വിദ്യർത്ഥിയായിരുന്നു, ശശി തരൂർ എം പിയുടെ പ്രസംഗങ്ങളുടെ ആരാധകൻ കൂടിയായ തോമസ്.

പക്ഷേ, തോമസിന് ഇനി തൻറെ വിദ്യാലയത്തിലേക്ക് മടങ്ങാനാകില്ല. കാരണം അത് മെയ്തെയ്‍കൾക്ക് അധിപത്യമുള്ള ഇംഫാലിലാണ്. മലയിറങ്ങി തോമസ് അവിടെയെത്തിയാൽ… തോമസിന് അത് ആലോചിക്കാൻ പോലും കഴിയുന്നില്ല. സ്കൂളിൽ നിന്ന് പ്രാണരക്ഷാർത്ഥം ഇറങ്ങിയോടുമ്പോൾ ആ കലാപത്തീയിൽ തോമസിൻറെ പുസ്തകങ്ങളെല്ലാം എരിഞ്ഞൊടുങ്ങിയിരുന്നു. ഇന്ന് കുടുംബത്തോടൊപ്പം ക്യാംകോപിയിലെ അഭയാർത്ഥി ക്യാമ്പിലാണ് തോമസ് കഴിയുന്നത്. രാജ്യത്തിൻറെ ഭരണവ്യവസ്ഥയുടെ ഭാഗമാകണമെന്ന് ആഗ്രഹിച്ച വിദ്യാർത്ഥി, ഇന്ന് ആരോക്കെയോ ചേർന്ന് നിർമ്മിച്ചെടുത്ത കലാപത്തിൽ വീടും വിദ്യാഭ്യസവും നിഷേധിക്കപ്പെട്ട് ജന്മഭൂമിയിൽ അഭയാർത്ഥിയായി ജീവിക്കാൻ വിധിക്കപ്പെടുന്നു.

തോമസിനെ പോലെ ഓരോ അഭയാർത്ഥി ക്യാമ്പിലും നൂറു കണക്കിന് കുട്ടികളുണ്ട്. കലാപം കഴിഞ്ഞാലും മലയിറങ്ങി ഇംഫാലിലെ സ്കൂളിലേക്ക് പോകാൻ തോമസിനെ പോലെ ആ കുരുന്നുകൾക്കും ഭയമാണ്. ക്യാമ്പിലെ എല്ലാ കുട്ടികളുടെ മുഖത്തും ഞങ്ങൾ ആ ഭയം കണ്ടു. കലാപ ദിനങ്ങളിൽ അവരുടെ കൺമുന്നിലെ കാഴ്ചകൾ അത്രയ്ക്കും ഭയാനകമായിരുന്നു. പല കുട്ടികളും ഇന്ന് നിശബ്ദരാണ്. അവരുടെ ഉള്ളിൽ കലാപത്തിൻറെ തീ നീറിപ്പുകയുകയാകണം. കലാപം അടങ്ങിയാലേ നിസഹായരായ കുട്ടികൾക്കുള്ള കൗൺസിലിങ്ങുകൾ ആരംഭിക്കാൻ കഴിയൂ. അതിന്, കലാപം എങ്ങനെ തീർക്കാൻ പറ്റുമെന്ന് ഭരണകൂടത്തിന് പോലും നിശ്ചയമില്ലാത്ത അവസ്ഥയാണ് മണിപ്പൂരിൽ.

കലാപം വ്യാപിക്കുമ്പോഴും തലസ്ഥാനമായ ഇംഫാലിൽ സമയക്രമം അനുസരിച്ച് സ്കൂളുകൾ പ്രവർത്തിച്ച് തുടങ്ങി. പക്ഷേ വിദ്യാർത്ഥികൾ കുറവാണ്. നിരവധി കുട്ടികൾക്ക് കലാപത്തിൽ അവരുടെ അച്ഛനമ്മമാരെ നഷ്ടപ്പെട്ടു. പലരും പല ദേശങ്ങളിലെ അഭയാർത്ഥി ക്യാമ്പുകളിലേക്ക് മാറ്റപ്പെട്ടു. അവിടെയും ഇവിടെയുമായി ജീവിതം വലിച്ചെറിയപ്പെട്ട വിദ്യാർത്ഥികളുടെ കാര്യത്തിൽ സർക്കാരിന് ഇതുവരെ തീരുമാനം എടുക്കാൻ കഴിഞ്ഞിട്ടില്ല. അതേ, മൂന്ന് മാസമായി തുടരുന്ന കലാപം മണിപ്പൂരിലെ വളരുന്ന തലമുറയെ ഏറെ ആഴത്തിൽ ബാധിച്ച് കഴിഞ്ഞിരിക്കുന്നു. ആ ആഴമേറിയ മുറിവുകൾ ഏങ്ങനെ, ആര് ഉണക്കുമെന്നതും അവരുടെയുടെയും രാജ്യത്തിൻറെയും ഭാവിക്ക് ഏറെ പ്രധാനമാണ്.

Advertisement