ന്യൂഡൽഹി: കേരള സർക്കാരിനെ വിമർശിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കേരള സർക്കാരിന് റെയിൽവേ വികസനത്തിൽ താൽപര്യമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഡൽഹിയിൽ റെയിൽവേയുടെ മെഗാ നവീകരണ പരിപാടിയുടെ ഉദ്ഘാടനത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി
എന്തു കാര്യത്തെയും കേരള സർക്കാർ രാഷ്ട്രീയ കണ്ണിലൂടെ മാത്രമാണ് കാണുന്നത്. വന്ദേ ഭാരത് കേരളത്തിനു കിട്ടില്ല എന്നവിധം തരംതാണ രാഷ്ട്രീയ പ്രചാരണം നടത്തി. ഒരു സർവേ നടത്താൻ പോലും സർക്കാർ വളരെയധികം ബുദ്ധിമുട്ട് നേരിടുന്നെന്നും അദ്ദേഹം വിമർശിച്ചു.
അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 508 റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കുന്നതിനുള്ള പദ്ധതിക്കാണ് ഇന്നു തുടക്കമിട്ടത്. കേരളത്തിൽ 34, മലബാറിൽ 13 സ്റ്റേഷനുകൾ പദ്ധതിയുടെ ഭാഗമാണ്. 24,470 കോടി രൂപയാണ് റെയിൽവേ നവീകരണ പദ്ധതിയുടെ ചെലവ്.