ന്യൂഡൽഹി: മിനിറ്റുകളുടെ ഇടവേളയിൽ മോഷണങ്ങളും ജീവനെടുക്കുന്ന ആക്രമണങ്ങളും അരങ്ങേറിയതുകണ്ട് ഞെട്ടി രാജ്യതലസ്ഥാനം. ആക്രമണത്തിൽ കുത്തേറ്റ് വയോധികൻ കൊല്ലപ്പെട്ടു. രണ്ടുപേർ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. തെക്കുപടിഞ്ഞാറൻ ഡൽഹിയിൽ വ്യത്യസ്ത ഇടങ്ങളിൽ 10 മിനിറ്റിനിടെ ആയിരുന്നു സംഭവങ്ങൾ. സമയോചിതമായി ഇടപെട്ട പൊലീസ് മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തു.
42 ക്രിമിനൽ കേസുകളുള്ള ഒരാളും പിടിയിലായവരുടെ കൂട്ടത്തിലുണ്ട്. ഒരു ബൈക്കിലെത്തിയ അക്രമിസംഘമാണ് മോഷണവും ആക്രമവും നടത്തിയത്. മോഹൻലാൽ ഛബ്ര എന്ന 74 വയസ്സുകാരനെയാണ് സംഘം ആദ്യം ലക്ഷ്യമിട്ടത്. കുഴഞ്ഞുവീഴുന്നതുവരെ ഛബ്രയെ കുത്തിയ സംഘം, ഇദ്ദേഹത്തിന്റെ സ്വർണാഭരണങ്ങളും പണവും കവർന്നു. നാട്ടുകാർ ഛബ്രയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചെന്നു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഫിസിയോതെറപ്പിക്കായി പോകുമ്പോഴാണു ഛബ്ര ആക്രമിക്കപ്പെട്ടതെന്നു മകൻ മഹേന്ദ്ര വ്യക്തമാക്കി. അടുത്ത 10 മിനിറ്റിനുള്ളിൽ അക്രമികൾ രണ്ടുപേരെക്കൂടി ലക്ഷ്യമിട്ടു. അശോക് (54), ഓം ദത്ത് (70), എന്നിവരെയാണ് അക്രമിച്ചത്. ഇവരിൽനിന്ന് 500 രൂപയും രേഖകളും മോഷ്ടിച്ചു. തുടർച്ചയായി അക്രമമുണ്ടായതോടെ പൊലീസ് ഉണർന്നു. 42 കേസുകളിൽ പ്രതിയായ അക്ഷയ് കുമാർ എന്നയാളെ ആദ്യം പിടികൂടി.
ഇയാളുടെ സഹായികളായ സോനു, വൈഭവ് ശ്രീവാസ്തവ എന്നിവരെയും പിന്നീട് അറസ്റ്റ് ചെയ്തു. അക്ഷയ് കുറ്റം സമ്മതിച്ചതായും പ്രതികളിൽനിന്ന് ആയുധങ്ങളും തൊണ്ടിമുതലും പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു. മോഷ്ടാക്കൾ മുതിർന്ന പൗരന്മാരെ ലക്ഷ്യമിടുന്ന സംഭവങ്ങൾ കൂടുന്നതു ഡൽഹി പൊലീസിനു പുതിയ വെല്ലുവിളിയാണ്.