രാഹുലിന് മുൻ ഔദ്യോഗിക വസതി തിരികെ നൽകി

Advertisement

ന്യൂഡൽഹി: ലോക്സഭാംഗത്വം തിരിച്ചുകിട്ടിയ വയനാട് എംപി രാഹുൽ ഗാന്ധിക്ക് മുൻപ് താമസിച്ചിരുന്ന തുഗ്ലക് ലെയ്‌നിലെ ഔദ്യോഗിക വസതി തന്നെ തിരിച്ചുനൽകി. തുഗ്ലക് ലെയിനിലെ 12–ാം നമ്പർ വസതി അനുവദിക്കാൻ പാർലമെന്ററി സമിതി തീരുമാനിച്ചു. ഇതു സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് ‘ഈ രാജ്യമാണ് എന്റെ വസതിയെന്ന്’ രാഹുൽ മറുപടി നൽകി.

2019-ലെ മോദി പരാമർശത്തിലെ അപകീർത്തിക്കേസിൽ, കുറ്റക്കാരനാണെന്ന സൂറത്ത് മജിസ്ട്രേട്ട് കോടതിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് തിങ്കളാഴ്ച രാഹുലിന്റെ ലോക്സഭാഗത്വം പുനഃസ്ഥാപിച്ച് ലോക്സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കിയത്. പിന്നാലെ, രാഹുലിനു വസതി തിരിച്ചു നൽകണമെന്ന് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി ലോക്‌സഭാ ഹൗസിങ് കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നു.

അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് എംപി സ്ഥാനം നഷ്ടമായതിനു പിന്നാലെ ഏപ്രിൽ 22നാണ് രാഹുൽ ഔദ്യോഗിക വസതി ഒഴിഞ്ഞത്. വസതി ഒഴിയണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് ലോക്സഭാ ഹൗസിങ് കമ്മിറ്റി നോട്ടിസ് നൽകിയിരുന്നു. തുടർന്ന് അമ്മ സോണിയ ഗാന്ധിയുടെ 10 ജൻപഥ് റോഡിലെ വീട്ടിലാണ് രാഹുൽ താമസിച്ചിരുന്നത്.