കെ-ഫോൺ മാതൃക പഠിക്കാൻ തമിഴ്നാട്; മുഖ്യമന്ത്രിയെ സന്ദർശിച്ച് തമിഴ്നാട് ഐടി മന്ത്രി

Advertisement

തിരുവനന്തപുരം: കേരളത്തിലെ കെ ഫോണ്‍ മാതൃക പഠിക്കാന്‍ തമിഴ്നാട്. തിരുവനന്തപുരത്തെത്തിയ തമിഴ്നാട് ഐടി മന്ത്രി പളനിവേല്‍ ത്യാഗരാജന്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് കെ ഫോണ്‍ പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് ചോദിച്ചറിഞ്ഞു. തമിഴ്നാട് ഫൈബര്‍ ഒപ്റ്റിക്ക് നെറ്റ് വര്‍ക്ക് എന്ന പേരിലാണ് തമിഴ്നാട് കെ ഫോണിന്‍റെ മാതൃക നടപ്പിലാക്കുന്നത്.

അതേസമയം, കെ-ഫോൺ ഉദ്ഘാടനം കഴിഞ്ഞ് രണ്ട് മാസമായിട്ടും പ്രഖ്യാപിച്ച സൗജന്യ കണക്ഷനുകളിൽ മൂന്നിലൊന്ന് പോലും നൽകാനായില്ലെന്ന് ആരോപണം ഉയരുന്നുണ്ട്. ജൂൺ അവസാനത്തോടെ ആദ്യഘട്ട സൗജന്യ കണക്ഷൻ കൊടുത്തു തീര്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ കണക്ഷൻ നൽകാനായത് 4,800 ഓളം പേര്‍ക്ക് മാത്രമാണ്. ജൂൺ അവസാനത്തോടെ ആദ്യ ഘട്ടത്തിലെ 14,000 കുടുംബങ്ങൾക്ക് സൗജന്യ കണക്ഷൻ നൽകുമെന്നായിരുന്നു കെ-ഫോൺ ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപിച്ചത്.