അമ്മയുടെ കൂടെയെത്തിയ യുവാവ് നടുറോഡിൽ യുവതിയുടെ വസ്ത്രമുരിഞ്ഞു, നോക്കിനിന്ന് അമ്മ

Advertisement

ഹൈദരാബാദ്: അമ്മയുടെ കൂടെ ഇരുചക്ര വാഹനത്തിലെത്തിയ യുവാവ് നടുറോഡിൽ യുവതിയുടെ വസ്ത്രമഴിച്ചു. ഹൈദരാബാദിലെ ജവഹർ നഗർ ഏരിയയിലാണ് ദാരുണ സംഭവം. സംഭവത്തിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. തുണിക്കടയിൽ നിന്ന് മടങ്ങുകയായിരുന്ന യുവതിയെ യുവാവ് അനുചിതമായ രീതിയിൽ സ്പർശിച്ചു. യുവതി എതിർത്തപ്പോൾ പ്രകോപിതനായ യുവാവ് നടുറോഡിൽ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറി.

ഇരുചക്രവാഹനത്തിൽ അതുവഴി പോവുകയായിരുന്ന മറ്റൊരു സ്ത്രീ ഇയാളെ തടയാൻ ശ്രമിച്ചെങ്കിലും ഇവർക്കുനേരെയും ഇയാൾ പാഞ്ഞടുത്തു. ഇതിനിടെ പൊലീസ് സ്ഥലത്തെത്തി യുവാവിനെ കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുത്തു. യുവതി കുറച്ചുനേരം നഗ്നയായി റോഡിൽ കിടന്നു. ഓടിക്കൂടിയ സ്ത്രീകൾ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് യുവതിയെ പൊതിഞ്ഞു. അതേസമയം, മകനെ തടയാനോ സ്ത്രീയെ സംരക്ഷിക്കാനോ പുരുഷന്റെ അമ്മ ശ്രമിച്ചില്ലെന്നാണ് റിപ്പോർട്ട്. വിവിധ വകുപ്പുകൾ ചുമത്തി യുവാവിനെതിരെ കേസെടുത്തു.

കഴിഞ്ഞ ദിവസം, പശ്ചിമ ബെംഗാളിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് കൈക്കുഞ്ഞിൻറെ മുന്നിലിട്ട് യുവതിയെ രണ്ട് പേർ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയത്. അസമിലെ ഗുവാഹത്തിയിൽ നിന്ന് വടക്കൻ ബംഗാളിലെ അലിപുർദുവാറിലേക്കുള്ള യാത്രക്കിടെയാണ് യുവതി കൊടിയ പീഡനത്തിന് ഇരയായത്.

ശനിയാഴ്ച രാത്രി ജനറൽ കമ്പാർട്ടുമെൻറിൽ കൈക്കുഞ്ഞുമായി യാത്ര ചെയ്യുകയായിരുന്ന യുവതിയെ ട്രെയിനിൽ മറ്റു യാത്രക്കാരില്ലാത്ത തക്കം നോക്കി രണ്ട് പേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. ഒരാൾ കുഞ്ഞിനെ കൈക്കലാക്കി ട്രെയിനിൽ നിന്ന് പുറത്തേക്ക് വലിച്ചെറിയുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന് യുവതി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.