പൊലീസുകാരൻ കലക്കി, ബുമ്രയെ വെല്ലുന്ന കൃത്യത! സ്റ്റംപുകൾ പിഴുതെറിയുന്ന വീഡിയോ വൈറൽ

Advertisement

മുംബൈ: ക്രിക്കറ്റ് പ്രതിഭകൾക്ക് പഞ്ഞമില്ലാത്ത നാടാണ് ഇന്ത്യ. ഗള്ളി ക്രിക്കറ്റിൻറെ നാടായത് കൊണ്ടുതന്നെ രാജ്യാന്തര ക്രിക്കറ്റിലോ ദേശീയ തലത്തിലോ ശ്രദ്ധ പതിയാത്ത ആയിരക്കണക്കിന് മികച്ച താരങ്ങളെ നമുക്ക് പല കോണുകളിലും കാണാൻ കഴിയും. ഇങ്ങനെയൊരു പ്രതിഭയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. യൂണിഫോം അണിഞ്ഞ പൊലീസുകാരൻ നെറ്റ്‌സിൽ പന്തെറിയുന്നതാണ് വീഡിയോ. നെറ്റ്‌സിൽ കുട്ടി താരങ്ങൾക്കെതിരെ ഗംഭീര ബൗളിംഗാണ് ഇദേഹം പുറത്തെടുക്കുന്നത്.

നെറ്റ്‌സിലെ തീപാറും ബൗളറുടെ വീഡിയോ ഐപിഎൽ ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യൻസ് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. അതിഗംഭീരമായി സ്റ്റംപുകൾ പിഴുതെറിയുകയാണ് ഇയാൾ. നെറ്റ്‌സിൽ ഹീറോയായ പൊലീസുകാരൻ രാജസ്ഥാനിൽ നിന്നുള്ളയാളാണ് എന്നാണ് റിപ്പോർട്ട്. എറിഞ്ഞ മൂന്ന് പന്തുകളിലും ഇയാൾ വിക്കറ്റ് പിഴുതു. മിഡിൽ സ്റ്റംപും ഓഫ് സ്റ്റംപുമെല്ലാം അനായാസം പുഴുതെറിയുന്നത് വീഡിയോയിൽ കാണാം. മികച്ച ലൈനിലും ലെങ്തിലും പന്തെറിയുന്ന അദേഹത്തിന് ഇൻസ്വിങറുകൾ നന്നായി വഴങ്ങുന്നു എന്നതും ശ്രദ്ധേയം.

ഈ വീഡിയോയ്‌ക്ക് താഴെ കമൻറുകളുമായി ഏറെ ആരാധകരാണ് എത്തിയത്. ക്രിക്കറ്റ് വെറുമൊരു കായികയിനമല്ല, ഇന്ത്യക്കാർക്ക് അതൊരു വികാരമാണ് എന്നായിരുന്നു ഒരു ആരാധകൻറെ കമൻറ്. ഹാർദിക് പാണ്ഡ്യയെ ഐപിഎല്ലിലൂടെ സൂപ്പർ താരമാക്കി മാറ്റിയത് പോലെ ഈ പൊലീസുകാരനേയും മികച്ച പേസറാക്കി മുഖ്യധാരയിലേക്ക് കൊണ്ടുവരണം എന്ന ഉപദേശമാണ് മുംബൈ ഇന്ത്യൻസിന് ആരാധകർ നൽകുന്നത്. മുംബൈ ഇന്ത്യൻസ് നെറ്റ്‌സിലേക്ക് ഈ പൊലീസുകാരനെ ക്ഷണിക്കണമെന്ന് പറയുന്ന ആരാധകരേയും കാണാം. എന്തായാലും തകർപ്പൻ ബൗളിംഗുമായി ഈ പൊലീസുകാരനാണ് ഇപ്പോഴത്തെ താരം.

വീഡിയോ പങ്കുവെച്ചതിന് പൊലീസുകാരനായ ദർജാൻ മുംബൈ ഇന്ത്യൻസിന് നന്ദി പറഞ്ഞു. മുബൈ ഇന്ത്യൻസ് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്‌ത വീഡിയോയ്‌ക്ക് താഴെയാണ് പൊലീസുകാരൻറെ നന്ദിപറച്ചിൽ.

Advertisement