തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ സഹോദരന്‍ കൊച്ചിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍. ചെന്നൈയില്‍ നിന്നുള്ള ഇഡി ഉദ്യോഗസ്ഥരാണ് സെന്തില്‍ ബാലാജിയുടെ സഹോദരന്‍ അശോക് കുമാറിനെ കസ്റ്റഡിയിലെടുത്തത്. ഇന്ന് വൈകിട്ടുതന്നെ അശോക് കുമാറിനെ ചെന്നൈയില്‍ എത്തിക്കുമെന്നാണ് വിവരം. നാല് തവണ നോട്ടീസ് അയച്ചെങ്കിലും ഇദ്ദേഹം ഹാജരായിരുന്നില്ല. നാളെ കോടതിയില്‍ ഹാജരാക്കിയേക്കും.
സെന്തില്‍ ബാലാജിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അശോക് കുമാറിന്റെ വീട്ടിലുള്‍പ്പെടെ ഇഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. ആദായ നികുതി വകുപ്പും ഇഡിയും നേരിട്ട് ഹാജരാകാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും ഇഡി കണ്ടെടുത്ത രേഖകളില്‍ മറുപടി നല്‍കാന്‍ സമയം വേണമെന്നാശ്യപ്പെട്ട് മാറി നില്‍ക്കുകയായിരുന്നു അശോക് കുമാര്‍.
വിദേശത്തേയ്ക്ക് കടന്നിരിക്കാമെന്ന സംശയത്തെത്തുടര്‍ന്ന് പൊലീസ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു. സെന്തില്‍ ബാലാജിയുടെ ബിനാമി പണം ഉപയോഗിച്ച് അശോക് കുമാറിന്റെ ഭാര്യ നിര്‍മല സ്വത്ത് സമ്പാദിച്ചതായി ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നിര്‍മലയോടും ഹാജരാകാന്‍ നിര്‍ദേശിച്ചു.