മുംബൈ: കാമുകനൊപ്പം ജീവിക്കാൻ അനധികൃതമായി അതിർത്തി കടന്നെത്തിയ പാക്കിസ്ഥാൻ യുവതിയെ സിനിമയിൽ അഭിനയിപ്പിക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) നേതാവ് രംഗത്ത്. മുപ്പതുകാരിയായ സീമ ഹൈദറിനെ സിനിമയിൽ അഭിനയിപ്പിക്കുന്നതിനെതിരെ എംഎൻഎസ് നേതാവ് അമേയ ഖോപ്കറാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഇത്തരം നാടകങ്ങൾ ഉടൻ നിർത്തണമെന്നും ഇല്ലെങ്കിൽ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും ഖോപ്കർ മുന്നറിയിപ്പു നൽകി. പാക്കിസ്ഥാൻ പൗരൻമാർക്ക് ഇന്ത്യൻ സിനിമയിൽ ഇടമില്ല എന്ന നിലപാടിൽ പാർട്ടി ഉറച്ചു നിൽക്കുന്നതായും അമേയ ഖോപ്കർ വിശദീകരിച്ചു.
‘പാക്കിസ്ഥാൻ പൗരൻമാർക്ക് ഇന്ത്യൻ സിനിമയിൽ ഇടമില്ല. ഈ നിലപാടിൽ ഞങ്ങൾ ഉറച്ചു നിൽക്കുന്നു. പാക്കിസ്ഥാനിൽ നിന്നുള്ള സീമ ഹൈദർ ഇപ്പോൾ ഇന്ത്യയിലുണ്ട്. അവർ ഐഎസ്ഐയുടെ ഏജന്റാണെന്നു പോലും ഇടയ്ക്കു കേട്ടിരുന്നു. സിനിമയിൽ പ്രശസ്തി നേടുന്നതിനായി, ചിലർ അവരെ നടിയാക്കാനുള്ള തീവ്ര ശ്രമത്തിലാണ്. ഇതുപോലുള്ള വഞ്ചകൻമാരായ നിർമാതാക്കൾക്ക് ലജ്ജയില്ലേ? ഇത്തരം നാടകങ്ങൾക്ക് എത്രയും വേഗം വിരാമമിടുക. അല്ലെങ്കിൽ ശക്തമായ പ്രത്യാഘാതം നേരിടാൻ ഒരുങ്ങുക’ – അമേയ ഖോപ്കർ പറഞ്ഞു.
നോയിഡയിൽ നിന്നുള്ള ചലച്ചിത്ര നിർമാതാവായ അമിത് ജാനിയാണ്, സീമ ഹൈദറിന്റെ പ്രണയകഥ പ്രമേയമാക്കി സിനിമ നിർമിക്കുന്നത്. ‘കറാച്ചി ടു നോയിഡ’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ സീമ ഹൈദറും അഭിനയിക്കുന്നുണ്ട്. മുപ്പതുകാരിയായ സീമ ഹൈദർ, ഇരുപത്തിരണ്ടുകാരനായ സച്ചിൻ മീണ എന്ന യുവാവുമായി പബ്ജി കളിക്കുന്നതിനിടെയാണ് പ്രണയത്തിലായത്. തുടർന്ന് ഇവർ സച്ചിനെ തേടി ഇന്ത്യയിലെത്തുകയായിരുന്നു.
ഇതിനിടെ, സീമയെ ഇന്ത്യയിലേക്ക് കടന്നതിന് അറസ്റ്റ് ചെയ്തിരുന്നു. സീമയ്ക്ക് അഭയം നൽകിയ കുറ്റത്തിന് സച്ചിനെയും പിതാവിനെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഏതാനും ദിവസം വിവിധ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തശേഷം ഇവരെ ജാമ്യത്തിൽ വിട്ടിരുന്നു. സൗദിയിൽ ജോലി ചെയ്യുന്ന സീമയുടെ ഭർത്താവ് അവരെ തിരികെ കൊണ്ടുപോകാൻ താൽപര്യം പ്രകടിപ്പിച്ചെങ്കിലും, സച്ചിന്റെ ഭാര്യയായി ഇന്ത്യയിൽ ജീവിക്കാനാണ് ഇഷ്ടമെന്ന നിലപാടിലാണ് സീമ.