ന്യൂഡെല്‍ഹി.സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യം അതീവ ജാഗ്രതയിൽ.അതിർത്തിയിലും ഡൽഹി അടക്കമുള്ള നഗരങ്ങളിലും സുരക്ഷ കർശനമാക്കി.സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ മെയ്തെയ്, കുക്കി വിഭാഗക്കാരുടെ പ്രതിഷേധത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് മുന്നറിയിപ്പുണ്ട്. സ്വാതന്ത്ര്യ ദിനത്തിൽ ഡൽഹിയിൽ നേരിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ചു തൃതല സുരക്ഷയാണ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്.പ്രധാന വേദിയായ ചെങ്കോട്ടയക്ക് ചുറ്റും10,000 ത്തോളം സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചു.സ്വാതന്ത്ര്യ ദിനത്തിന്റെ ഫുൾ ഡ്രസ്സ് റിഹേഴ്സൽ ചെങ്കോട്ടയിൽ നടന്നു.ഡൽഹി അതിർത്തികളിൽ പരിശോധന കർശനമാക്കി.
എൻ എസ് ജി ആകാശ നിരീക്ഷണവും നടത്തുന്നുണ്ട്.മെട്രോ സ്റ്റേഷനുകളിലും ഡൽഹി അടക്കമുള്ള വിമാനത്താവളങ്ങളിലും പരിശോധന ശക്തമാക്കി.
ഇന്ന് മുതൽ ഡൽഹി മെട്രോ സർവീസിനും, ചെങ്കോട്ടക്ക് സമീപമുള്ള റോഡുകളിലും നിയന്ത്രണം ഏർപ്പെടുത്തി.ജമ്മുകശ്മീർ,പഞ്ചാബ് അടക്കം അതിർത്തി സംസ്ഥാനങ്ങൾക്ക് അതീവ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.മണിപ്പൂർ കലാപത്തിന്റെ പശ്ചാത്തലത്തിൽ ഓഗസ്റ്റ് 15ന് ചെങ്കോട്ടയിൽ മെയ് തെയ് , കുക്കി വിഭാഗക്കാരുടെ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് രഹസ്യ അന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടുണ്ട്.
പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധത്തിന് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ചെങ്കോട്ടയിലേക്ക് പ്രവേശിക്കുന്നവരുടെ പരിശോധന കർശനമാക്കാൻ പോലീസിന് നിർദ്ദേശം നൽകി.
അതേ സമയം സ്വാതന്ത്ര്യദിനത്തിൽ ഡൽഹിയിൽ നേരിയ മഴക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.