ചെന്നൈ: നീറ്റ് പരീക്ഷയിലെ തോല്‍വിയില്‍ മനംനൊന്ത് മകന്‍ മരിച്ചതിനു പിന്നാലെ പിതാവും ജീവനൊടുക്കി. തമിഴ്നാട്ടിലെ ചെന്നൈ ക്രോംപെട്ട് സ്വദേശികളായ ജഗദീശ്വരനും പിതാവ് സെല്‍വശേഖറുമാണ് മരിച്ചത്.
19കാരനായ ജഗദീശ്വരന്‍ നീറ്റ് പരീക്ഷ രണ്ട് തവണ പരാജയപ്പെട്ടിരുന്നു. 2022ല്‍ പ്ലസ് ടു പാസായതു മുതല്‍ നീറ്റ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് വീട്ടില്‍ തനിച്ചായിരുന്ന സമയത്താണ് ജഗദീശ്വരന്‍ ജീവനൊടുക്കിയത്. വീടിനുള്ളില്‍ തൂങ്ങിനിന്ന ജഗദീശ്വരനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു.
മകന്റെ സംസ്‌കാര ചടങ്ങ് കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ സെല്‍വശേഖറും ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ തൂങ്ങിമരിക്കുകയായിരുന്നു.
നീറ്റ് പരീക്ഷയെന്ന കടമ്ബ കടക്കാനാവാതെ 2017 മുതല്‍ രണ്ട് ഡസനിലേറെ കുട്ടികളാണ് തമിഴ്നാട്ടില്‍ ജീവനൊടുക്കിയത്. ഇതേതുടര്‍ന്ന് തമിഴ്നാട് സര്‍ക്കാര്‍ നീറ്റ് ഒഴിവാക്കുന്ന ബില്‍ 2021ല്‍ കൊണ്ടുവന്നുവെങ്കിലും ഗവര്‍ണര്‍ ആര്‍.എന്‍ രവി അത് നിരസിക്കുകയായിരുന്നു.