‘വാരാണസിയിൽ മോദിക്കെതിരെ പ്രിയങ്ക മത്സരിച്ചാൽ…’: തുറന്നുപറഞ്ഞ് സഞ്ജയ്

Advertisement

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ ഉത്തർപ്രദേശിലെ വാരാണസിയിൽ മത്സരിച്ചാൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഉറപ്പായും ജയിക്കുമെന്നു ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ വിഭാഗം) നേതാവ് സ‍ഞ്ജയ് റാവത്ത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു മത്സരം കടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘‘വാരാണസിയിലെ ജനങ്ങൾക്കു പ്രിയങ്ക ഗാന്ധിയെ ആവശ്യമുണ്ട്. മോദിക്കെതിരെ വാരാണസിയിൽ മത്സരിച്ചാൽ തീർച്ചയായും പ്രിയങ്ക ജയിക്കും. റായ്ബറേലി, വാരാണസി, അമേഠി എന്നിവിടങ്ങളിൽ ബിജെപിക്കു മത്സരം കടുപ്പമാകും.’’– സഞ്ജയ് റാവത്ത് പറഞ്ഞു. രണ്ടായി പിളർന്ന എൻസിപിയിലെ നേതാക്കളായ ശരദ് പവാറും അജിത് പവാറും കൂടിക്കാഴ്ച നടത്തിയതിനെപ്പറ്റിയും റാവത്ത് പ്രതികരിച്ചു.

‘പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനും നരേന്ദ്ര മോദിക്കും തമ്മിൽ കാണാമെങ്കിൽ ശരദ് പവാറിനും അജിത്തിനും എന്തുകൊണ്ടായിക്കൂടാ? ഇക്കാര്യത്തെപ്പറ്റി മാധ്യമങ്ങളിൽ വന്ന വിവരമേ ഞങ്ങൾക്കുള്ളൂ. ശരദ് പവാർ ഉടനെ ഇതേപ്പറ്റി സംസാരിക്കും. രാഷ്ട്രീയത്തിൽ എന്തും സംഭവിക്കാം. അജിത് പവാർ, ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരും ജനങ്ങളും നിലവിലെ സർക്കാരിൽ തൃപ്തരല്ല’’– സഞ്ജയ് റാവത്ത് അഭിപ്രായപ്പെട്ടു.