പേരുമാറ്റാൻ മാത്രം അറിയുന്നവരെയല്ല വിദ്യാഭ്യാസമുള്ളവരെ തെരഞ്ഞെടുക്കൂ, അൺഅക്കാദമി അധ്യാപകൻറെ പ്രസ്താവന വൈറൽ

Advertisement

ന്യൂഡൽഹി: വോട്ട് ചെയ്യുന്നത് വിദ്യാഭ്യാസമുള്ള നേതാക്കന്മാരെ ആയിരിക്കണമെന്ന് വിദ്യാർത്ഥികളോട് ആവശ്യപ്പെട്ട് ഓൺലൈൻ വിദ്യാഭ്യാസ സംരംഭത്തിലെ അധ്യാപകൻ. എഡ്യുടെക് സ്ഥാപനമായ അൺഅക്കാദമിയിലെ അധ്യാപകനാണ് ക്ലാസിനിടെ നടത്തിയ പരാമർശത്തെ ചൊല്ലി സമൂഹമാധ്യമങ്ങളിൽ ചേരി തിരിഞ്ഞ് അടി തുടരുകയാണ്. കരൺ സാഗ്വാൻ എന്ന യുവ അധ്യാപകനാണ് നല്ല വിദ്യാഭ്യാസമുള്ള നേതാക്കന്മാരെ തെരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെടുന്നത്.

പേരുകൾ മാത്രം മാറ്റുന്നതിൽ താൽപര്യമുള്ള നേതാക്കളെയല്ല ശക്തമായ വിദ്യാഭ്യാസ പശ്ചാത്തലമുള്ള നേതാക്കളെയാണ് ആവശ്യമെന്നാണ് കരൺ സാഗ്വാൻ വിദ്യാർത്ഥികളെ ഉപദേശിക്കുന്നത്. ക്രിമിനൽ നിയമങ്ങളിൽ എൽഎൽഎം നേടിയ വ്യക്തിയാണ് കരൺ. ബ്രിട്ടീഷ് കാലത്തുള്ള ഐപിസി, സിആർപിസി, എവിഡൻസ് ആക്ട് എന്നിവയെ മാറ്റാനുള്ള കേന്ദ്ര സർക്കാർ ബില്ലിനേക്കുറിച്ച് പറയുമ്പോഴാണ് കരണിന്റെ പരാമർശം.

ബില്ലിനേക്കുറിച്ച് കരയണോ അതോ ചിരിക്കണോ എന്ന് അറിയാൻ കഴിയാത്ത അവസ്ഥയിലാണ് താനുമുള്ളത്. തന്റെ പക്കൽ ഒരുപാട് കേസുകളുടെ വിവരമുണ്ട്, തയ്യാറാക്കിയ നോട്ടുകളുമുണ്ട്. ഇതെല്ലാം ഒരുപാട് പണിപ്പെട്ട് തയ്യാറാക്കിയതാണ്. നിങ്ങളും ഒരു സുപ്രധാന തീരുമാനം എടുക്കേണ്ടതുണ്ട്. ഇത്തരം സാഹചര്യങ്ങൾ ഭാവിയിൽ ഉണ്ടാവാതിരിക്കാനായി അഭ്യസ്ത വിദ്യരായ നേതാക്കളെ തെരഞ്ഞെടുക്കണം. കാര്യങ്ങൾ മനസിലാക്കുന്ന വിദ്യാഭ്യാസമുള്ളവരെ തെരഞ്ഞെടുക്കുക. പേരുമാറ്റാൻ മാത്രം അറിയുന്നവരെ തെരഞ്ഞെടുക്കരുത്. നിങ്ങളുടെ തീരുമാനം കൃത്യമായിരിക്കണം എന്നാണ് കരൺ വിശദമായി പറയുന്നത്.

അധ്യാപകൻറെ ഉപദേശം കുറഞ്ഞ സമയത്തിനുള്ളിൽ എക്സ് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വിമർശിച്ചും പിന്തുണച്ചും നിരവധി പേരാണ് പ്രതികരിക്കുന്നത്. കരണിനെ പിന്തുണച്ചുകൊണ്ടുള്ള പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിക്കുന്നതിൽ ഏറിയ പങ്കുമെന്നതും ശ്രദ്ധേയമാണ്. വീഡിയോ വിവാദമായതിനേക്കുറിച്ച് അൺഅക്കാദമി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Advertisement