‘സാറ്, ഭക്ഷണം കഴിക്കാന്‍ മറന്നില്ലല്ലോല്ലേ?’, വിദ്യാര്‍ത്ഥിയുടെ ‘മധുരപ്രതികാരം’; ആഘോഷമാക്കി നെറ്റിസണ്‍സ് !

Advertisement

ഇന്ത്യയിലെ വിദ്യാലയങ്ങളെല്ലാം വിദ്യാര്‍ത്ഥി സൗഹൃദമാണെന്ന് പറയാന്‍ കഴിയില്ല. കേരളത്തിലെന്തായാലും അങ്ങനെയല്ലെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. അത്തരമൊരു സൗഹൃദാന്തരീക്ഷം ഇല്ലാത്തതിനാലാണ് പലപ്പോഴും വിദ്യാര്‍ത്ഥി / അധ്യാപക സംഘർഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും. കഴിഞ്ഞ ദിവസം അത്തരമൊരു സംഘര്‍ഷത്തിന്‍റെ ഇരയായ ഒരു വിദ്യാര്‍ത്ഥി, തന്‍റെ അധ്യാപകനോട് മധുരപ്രതികാരം ചെയ്തതിന്‍റെ തെളിവുകള്‍ ട്വിറ്റര്‍ വഴി പങ്കുവയ്ക്കപ്പെട്ടപ്പോള്‍ നിരവധി പേര്‍ ഒപ്പം കൂടി. ഇതിനകം മുപ്പത്തിനാലായിരം പേരാണ് ട്വീറ്റ് ലൈക്ക് ചെയ്തത്.

സാധാരണയായി സ്കൂളുകളില്‍ ഹോം വര്‍ക്കിനെ കുറിച്ച് ചോദിക്കുമ്പോഴോ, പഠപുസ്തകം കൊണ്ടുവരാത്തതിനെ കുറിച്ച് ചോദിക്കുമ്പോഴോ, പരീക്ഷാ പേപ്പറില്‍ രക്ഷിതാവിന്‍റെ ഒപ്പ് വാങ്ങി വരാത്തതിനെ കുറിച്ചോ ചോദിക്കുമ്പോഴും മിക്ക കുട്ടികള്‍ക്കും ഒരുത്തരമായിരിക്കും, ‘മറന്ന് പോയി, സാര്‍.’ നിഷ്ക്കളങ്കത തുളുമ്പി നില്‍ക്കുന്ന മറുപടി പലതും കേള്‍ക്കുമ്പോഴേ അറിയാം മറന്നിട്ടല്ല, പകരം ചെയ്യാന്‍ മടിച്ചിട്ടോ, മനഃപൂര്‍വ്വമോ ആയിരുന്നെന്ന്. അടുത്ത നിമിഷം മുഖമടച്ച് അധ്യാപകന്‍റെ മറു ചോദ്യമെത്തും, ‘നീ, എപ്പോഴെങ്കിലും ഭക്ഷണം കഴിക്കാൻ മറന്നോ?’ എന്ന്. അതിന് മുമ്പില്‍ മറുപടിയില്ലാതെ നിന്നിട്ടുള്ളവരാണ് നമ്മളില്‍ പലരും. എന്നാല്‍, പുതുതലമുറ അത്രയ്ക്ക് നിശബ്ദരല്ലെന്ന് പങ്കുവയ്ക്കപ്പെട്ട സ്ക്രീന്‍ ഷോട്ട് പറയുന്നു.

ആഷിഷ് സിംഗ് എന്ന ട്വിറ്റര്‍ ഉപയോക്താവാണ് ഒരു വാട്സാപ്പ് സ്ക്രീന്‍ ഷോട്ട് പങ്കുവച്ചത്. ‘ഈ നിമിഷത്തിന് വേണ്ടി അവൻ തന്‍റെ ജീവിതകാലം മുഴുവൻ കാത്തിരിക്കുകയായിരുന്നു.’ സ്ക്രീന്‍ ഷോട്ട് പങ്കുവച്ച് കൊണ്ട് അദ്ദേഹം കുറിച്ചു. വാട്സാപ്പിന്‍റെ സ്ക്രീന്‍ ഷോട്ടില്‍ കണക്ക് അധ്യാപകനും വിദ്യാര്‍ത്ഥിയും തമ്മിലുള്ള സംഭാഷണമാണ് ഉണ്ടായിരുന്നത്.

കുട്ടി: ‘സർ, ഇന്നലെ എന്നോട് പിഡിഎഫ് ഫയലുകൾ അയയ്ക്കാമെന്ന് പറഞ്ഞിരുന്നു.’

കണക്ക് മാഷ്: ‘ഓ.യി… ഞാന്‍ മറന്ന് പോയി. നിക്ക് ഞാന്‍ ഇപ്പോ തന്നെ അയച്ചേക്കാം.’

കുട്ടി: ‘സാറ്, ഇന്നലെ ഭക്ഷണം കഴിക്കാന്‍ മറന്നില്ലല്ലോല്ലേ?.’

നിരവധി പേരുടെ ശ്രദ്ധനേടാന്‍ ട്വീറ്റിന് കഴിഞ്ഞു. മിക്കവരും അധ്യാപകര്‍ അത്തരം മറുപടികള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് അര്‍ഹിക്കുന്നുവെന്ന് കുറിച്ചു. അവന്‍റെ മറുപടിയില്‍ തങ്ങള്‍ക്ക് ആശ്വാസം ലഭിച്ചുവെന്ന് ചിലര്‍ എഴുതി. ‘ആ സഹോദരന് ഇനി സമാധാനമായി ഉറങ്ങാം.’, വേറൊരാള്‍ എഴുതി. ‘തിരിച്ച് വരവിനുള്ള അവസരം മധുരമാണ്.’ മറ്റൊരാള്‍ കുറിച്ചു.