പ്രസവ ശസ്ത്രക്രിയയ്ക്ക് പിന്നാലെ കടുത്ത വയറ് വേദന; പരിശോധനയിൽ കണ്ടെത്തിയത് കത്രിക, പിന്നാലെ കേസ് !

Advertisement

2017 -ൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ, വർഷങ്ങൾ നീണ്ട കുടുംബത്തിൻറെ പോരാട്ടത്തിനൊടുവിലാണ് കഴിഞ്ഞ ദിവസം രണ്ട് ഡോക്ടർമാരെയും രണ്ട് നഴ്‌സുമാരെയും പ്രതികളാക്കി പോലീസ് കേസെടുത്തത്. നേരത്തെ തയ്യാറാക്കിയ പ്രതിപട്ടിക റദ്ദാക്കിയാണ് പുതിയ പ്രതിപ്പട്ടിക പോലീസ് തയ്യാറാക്കിയത്. ഇപ്പോൾ ആന്ധ്രാപ്രദേശിൽ നിന്ന് സമാനമായ ഒരു സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നു. ആന്ധ്രാപ്രദേശിലെ ഏലൂർ സർക്കാർ ആശുപത്രിയിൽ സിസേറിയൻ ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറിനുള്ളിൽ നിന്ന് മാറ്റാതെ ഡോക്ടർ വയറ് തുന്നി കെട്ടി ശസ്ത്രക്രിയാ നടപടികൾ പൂർത്തിയാക്കിയെന്നായിരുന്നു പരാതി.

കടുത്ത വയറുവേദനയെ തുടർന്ന് യുവതിയെ മറ്റൊരു ആശുപത്രിയിൽ എത്തിച്ച് അൾട്രാസോണോഗ്രാഫി പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ദൗർഭാഗ്യകരമായ സംഭവം പുറത്തറിയുന്നത്. കഴിഞ്ഞ ഏപ്രിൽ 19 -നാണ് പെടപ്പാട് മണ്ഡലത്തിലെ എസ് കോതപ്പള്ളി ഗ്രാമത്തിൽ നിന്നുള്ള ജി സ്വപ്ന എന്ന യുവതിയെ പ്രസവത്തിനായി ഏലൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സിസേറിയനിലൂടെയായിരുന്നു കുഞ്ഞിനെ പുറത്തെടുത്തത്. തുടർന്ന് അമ്മയും കുഞ്ഞും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി.

എന്നാൽ, വീട്ടിലെത്തി ഏതാനും ദിവസങ്ങൾക്കുള്ളിൽ യുവതിക്ക് കഠിനമായ വയറുവേദന അനുഭവപ്പെട്ടു. നിരവധി മരുന്നുകൾ കഴിച്ചിട്ടും വേദന കുറയാതെ വന്നതോടെയാണ് ബന്ധുക്കൾ യുവതിയെ വിദഗ്ധ പരിശോധനയ്ക്കായി മറ്റൊരു ആശുപത്രിയിൽ എത്തിക്കുകയും അൾട്രാസോണോഗ്രാഫി പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തത്. ഈ പരിശോധനയിലാണ് യുവതിയുടെ വയറിനുള്ളിൽ കത്രിക കണ്ടെത്തിയത്. വിജയവാഡ സർക്കാർ ആശുപത്രിയിൽ ഡോക്ടർ പ്രഭാകരൻറെ നേതൃത്വത്തിൽ നടത്തിയ ശാസ്ത്രക്രിയയിലൂടെ രണ്ടിഞ്ച് വലുപ്പമുണ്ടായിരുന്ന കത്രിക നീക്കം ചെയ്തു.

കത്രിക കുടലിൽ പറ്റി പിടിച്ചിരുന്നതിനെ തുടർന്നുണ്ടായ അണുബാധയാണ് കഠിനമായ വയറുവേദനയ്ക്ക് കാരണമായത്. രോഗബാധിതമായി കുടൽ നീക്കം ചെയ്തുവെന്നും യുവതി ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണെന്നും ഡോക്ടർ പ്രഭാകർ അറിയിച്ചു. വയറുവേദന അവഗണിച്ച് യുവതി ചികിത്സ നേടാൻ വൈകിയിരുന്നെങ്കിൽ അത് അവരുടെ ജീവന് തന്നെ ആപത്താകുമായിരുന്നുവെന്ന് മെഡിക്കൽ സംഘം അറിയിച്ചു. ഏലൂർ സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരുടെ അനാസ്ഥയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഏലൂർ ജില്ലാ കളക്ടർ പ്രസന്ന വെങ്കിടേഷ് പറഞ്ഞു. വിഷയത്തിൽ കൂടുതൽ അന്വേഷണത്തിന് സമിതി രൂപീകരിക്കുന്നതിന് പുറമെ ജില്ലാ മെഡിക്കൽ ആൻറ് ഹെൽത്ത് ഓഫീസറോട് റിപ്പോർട്ടും ആവശ്യപ്പെട്ടതായി കളക്ടർ അറിയിച്ചു.