മുബൈ: റിസർവ് ബാങ്ക് മുന്നോട്ടുവെച്ച പുതിയ നിബന്ധന കാരണം നിരവധി ഉപഭോക്താക്കൾക്ക് ഭവന വായ്പകൾ കിട്ടാനുള്ള യോഗ്യത കുറയുമെന്നും ചില വായ്പകളുടെ ഇഎംഐ വർദ്ധിക്കുമെന്നും ബാങ്കിങ് രംഗത്ത് പ്രവർത്തിക്കുന്നവർ അഭിപ്രായപ്പെടുന്നു. ഇനി മുതൽ വായ്പാ പലിശ നിരക്ക് പുനഃക്രമീകരിക്കുന്ന അവസരത്തിൽ ഒരു ഫിക്സഡ് പലിശ നിരക്കിലേക്ക് മാറാനുള്ള അവസരം ബാങ്കുകൾ ഉപഭോക്താക്കൾക്ക് പുതിയ നിബന്ധന അനുസരിച്ച് നൽകേണ്ടി വരും. ഇതിന് പുറമെ ഭാവിയിൽ ഫ്ലോട്ടിങ് പലിശ നിരക്കിൽ നിന്ന് ഫിക്സഡ് പലിശ നിരക്കിലേക്ക് വായ്പകൾ മാറ്റേണ്ടി വരുമ്പോൾ ഉണ്ടാകാവുന്ന ചാർജുകൾ സംബന്ധിച്ച് വായ്പ അനുവദിക്കുമ്പോൾ തന്നെ ബാങ്കുകൾ വെളിപ്പെടുത്തുകയും വേണം.
ബാങ്ക് പലിശ നിരക്കുകൾ വർദ്ധിക്കുകയാണെങ്കിൽ ഉപഭോക്താക്കൾ മാസാമാസം അടയ്ക്കുന്ന ഇഎംഐ തുകയിൽ നിന്ന് അതത് മാസത്തെ പലിശ പൂർണമായി അടഞ്ഞുപോയിരിക്കണം. അതായത് ഒരു മാസത്തെ ഇഎംഐ അടച്ച ശേഷം വായ്പയിലെ ബാക്കിയുള്ള തുകയിൽ വർദ്ധനവ് വരാൻ പാടില്ല. വായ്പ എടുക്കുന്നവർക്ക് അത് അടച്ചു തീർക്കാനുള്ള ശേഷി ഉണ്ടോയെന്ന് പരിശോധിക്കേണ്ടത് ഇപ്പോഴത്തെ പലിശ നിരക്ക് അടിസ്ഥാനപ്പെടുത്തി ആവരുതെന്നും ഭാവിയിൽ പലിശ നിരക്ക് വർദ്ധിച്ചാലും അവർക്ക് വായ്പകൾ തിരിച്ചടയ്ക്കാൻ സാധിക്കുന്ന തരത്തിലുള്ള കണക്കുകൂട്ടലുകൾ നടത്തണമെന്നുമാണ് ഇഎംഐ അധിഷ്ഠിത വ്യക്തിഗത വായ്പകളുടെ ഫ്ലോട്ടിങ് പലിശ നിരക്ക് പുനഃക്രമീകരിക്കുന്നത് സംബന്ധിച്ച് റിസർവ് ബാങ്ക്, രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങൾക്ക് അയച്ച സർക്കുലറിൽ ആവശ്യപ്പെടുന്നത്. ഇത് ഉപഭോക്താക്കൾക്ക് ലഭിക്കാൻ അർഹതയുള്ളതായി ബാങ്കുകൾ നിലവിൽ കണക്കാക്കുന്ന വായ്പാ തുകയിൽ കുറവ് വരുത്തുമെന്നാണ് വിലയിരുത്തൽ.
നേരത്തെ പലിശ നിരക്കുകളിൽ വർദ്ധനവുണ്ടാകുമ്പോഴും, കൂടുതൽ പലിശ ഈടാക്കുന്നതിനായി ബാങ്കുകൾ പലപ്പോഴും ഇഎംഐ പുനഃക്രമീകരിക്കാതെ തവണകൾ വർദ്ധിപ്പിക്കുകയാണ് ചെയ്തിരുന്നത്. എന്നാൽ പുതിയ നിബന്ധനകളോടെ നിലവിലുള്ളതിനേക്കാളും ഉയർന്ന പലിശ നിരക്ക് കണക്കാക്കി ബാങ്കുകൾക്ക് ഉപഭോക്താക്കളുടെ തിരിച്ചടവ് ശേഷി കണക്കാക്കേണ്ടി വരും. ഇപ്പോൾ ഇത് അതാത് സമയങ്ങളിൽ നിലവിലുള്ള പലിശ നിരക്ക് അടിസ്ഥാനപ്പെടുത്തിയാണ് കണക്കാക്കുന്നത്. ഭാവിയിൽ പലിശ നിരക്ക് വർദ്ധിക്കാനുള്ള സാധ്യത കൂടി കണക്കിലെടുത്ത് ബാങ്കുകൾ വായ്പാ പരിധി കണക്കാക്കുമ്പോൾ പല ഉപഭോക്താക്കൾക്കും ഇപ്പോൾ അർഹതയുള്ള തുകയേക്കാൾ കുറഞ്ഞ തുകയേ വായ്പ ലഭിക്കുകയുള്ളൂ. ഇതിന് പുറമെ ഓരോ മാസത്തേയും പലിശ തുക അതാത് മാസത്തെ ഇഎംഐയിൽ തന്നെ ഈടാക്കണമെന്നും ഇഎംഐ ഈടാക്കിയ ശേഷം ആകെ വായ്പാ തുക തൊട്ടുമുമ്പിലുള്ള മാസത്തെ തുകയേക്കാൾ കൂടരുതെന്നും നിബന്ധനയുള്ളതിനാൽ ഇഎംഐ തുകയും അതിനനുസരിച്ച് ക്രമീകരിക്കാൻ ബാങ്കുകൾ നിർബന്ധിതരാവും.
രാജ്യത്തെ ഇഎംഐ വായ്പാ ചട്ടങ്ങൾ റിസർവ് ബാങ്ക് പുനഃപരിശോധിക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. പലിശ നിരക്കുകൾ ഉയരുമ്പോൾ ബാങ്കുകൾ അനാവശ്യമായി വായ്പാ കാലാവധി ദീർഘിപ്പിക്കുന്നതായി ആരോപണമുണ്ട്. വായ്പയെടുക്കുന്നവരുടെ തിരിച്ചടവ് ശേഷിയും, പ്രായത്തിന്റെ അടിസ്ഥാനത്തിൽ എത്ര കാലായളവ് കൊണ്ട് അയാൾക്ക് വായ്പ തിരിച്ചടയ്ക്കാൻ സാധിക്കുമെന്നും കണക്കാക്കി ബാങ്കുകൾ അനുയോജ്യമായ തിരിച്ചടവ് കാലാവധി തീരുമാനിക്കണമെന്നും റിസർവ് ബാങ്ക് ഗവർണർ പറഞ്ഞു. ഓരോ വ്യക്തികളെയും പ്രത്യേകമായി കണക്കാക്കിയായിരിക്കും ഇത് നിജപ്പെടുത്തുക. അന്യായമായി വായ്പകളുടെ തിരിച്ചടവ് കാലാവധി വലിച്ചു നീട്ടുന്നതിനെതിരെയും റിസർവ് ബാങ്ക് നിലപാട് കടുപ്പിച്ചിട്ടുണ്ട്. ഇത് ബാങ്കുകളുടെ ഒരു വാണിജ്യപരമായ തീരുമാനമാണെങ്കിലും ഇക്കാര്യത്തിൽ നിയന്ത്രണം വേണമെന്ന് റിസർവ് ബാങ്ക് ഗവർണർ അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ ഉപഭോക്താക്കൾക്കും പുതിയ ലോണുകൾക്കും 2023 ഡിസംബർ 31 മുതലായിരിക്കും ഈ നിബന്ധനകൾ പ്രാബല്യത്തിൽ വരുന്നത്.