കൂട് തുറന്നു, ഒരു നിമിഷം പോലും പാഴാക്കാതെ കാട്ടിലേക്ക് കുതിക്കുന്ന പുള്ളിപ്പുലിയുടെ വീഡിയോ വൈറല്‍ !

Advertisement

മനുഷ്യനായാലും മൃഗങ്ങൾക്കായാലും ബന്ധനത്തോളം അസ്വസ്ഥമാക്കുന്ന മറ്റൊരു കാര്യം ഉണ്ടാകില്ല. സ്വാതന്ത്ര്യത്തിലേക്ക് പറക്കാൻ ആഗ്രഹിക്കാത്ത ജീവജാലങ്ങൾ ഭൂമിയിലില്ലെന്ന് തന്നെ പറയാം.

ഓരോ ജീവിയും സ്വതന്ത്രരാകാൻ എത്രമാത്രം ആഗ്രഹിക്കുന്നുവെന്ന് തെളിയിക്കുന്ന ഒരു വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ കൗതുകം നിറക്കുകയാണ്. ഒരു വലിയ പുലിയെ വനപാലകർ കാട്ടിനുള്ളിൽ എത്തിച്ച് തുറന്നു വിടുന്നതിന്‍റെ ദൃശ്യങ്ങളാണുള്ളത്. കൂട് തുറന്നതിന് പിന്നാലെ സ്വാതന്ത്ര്യത്തിലേക്കുള്ള പുലിയുടെ ശരവേഗത്തിലുള്ള പാച്ചിൽ ആരെയും അമ്പരപ്പിക്കും. സ്ലോമോഷനിലുള്ള വീഡിയോ ഒറ്റ ദിവസം കൊണ്ട് നാല്പതിനായിരത്തിനടത്ത് പേര്‍ കണ്ടുകഴിഞ്ഞു.

വന്യജീവികളെക്കുറിച്ചുള്ള രസകരമായ വസ്തുതകളും ക്ലിപ്പുകളും പതിവായി പങ്കിടുന്ന പർവീൺ കസ്വാൻ ഐഎഫ്എസാണ് ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. വന്യമൃഗങ്ങളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥകളിലേക്ക് തിരികെ വിടുന്ന കാഴ്ച ഒന്ന് കാണേണ്ടത് തന്നെയാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നതാണ് ഈ വീഡിയോ. മനുഷ്യവാസമുള്ള മേഖലകളിലേക്ക് പുലികള്‍ അടക്കമുള്ള മൃഗങ്ങള്‍ എത്തുന്നത് സാധാരണമാണ്. ഇത്തരത്തിൽ എത്തുന്ന പുലികളെ രക്ഷപ്പെടുത്തി അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് വനപാലകർ തിരികെ അയയ്ക്കുകയാണ് പതിവ്. അത്തരത്തിൽ ജനവാസ മേഖലയിലെത്തിയ ഒരു പുലിയെയാണ് കഴിഞ്ഞ ദിവസം കാട്ടിനുള്ളിൽ അതിന്‍റെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തുറന്നുവിട്ടത്.

27 സെക്കന്‍റ് ദൈർഘ്യമുള്ള ഈ സ്ലോമോഷൻ വീഡിയോയിൽ സ്വാതന്ത്ര്യത്തിന്‍റെ വാതിലുകൾ തുറക്കപ്പെടുമ്പോഴുള്ള പുലിയുടെ ചെറു ശരീര ചലനങ്ങൾ പോലും വീഡിയോയില്‍ വ്യക്തമായി കാണാം. വാഹനത്തിന് പിന്നിൽ പുറത്തേക്ക് നോക്കാതെ മുഖം തിരിച്ചിരിക്കുന്ന പുലി പെട്ടെന്ന് അതിന്‍റെ വാതിലുകൾ തുറക്കപ്പെടുമ്പോൾ ഒരു നിമിഷം പോലും പാഴാക്കാതെ പുറത്തേക്ക് ചാടി കാട്ടിൽ ഓടി മറയുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. നിർത്തിയിട്ടിരിക്കുന്ന വാഹനത്തിന് സമീപത്തായി പുലിയുടെ ചലനങ്ങൾ നിരീക്ഷിച്ച് കൊണ്ട് നിൽക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരെയും വീഡിയോയില്‍ കാണാം.

Advertisement