കാമ്പസിനുള്ളിൽ മദ്യപിക്കാനും പുകവലിയും അവകാശമെന്ന് വിദ്യാർത്ഥിനി; പ്രതിഷേധിച്ച് നെറ്റിസൺസ്

Advertisement

ലോക ചരിത്രത്തിൽ രാജ്യാധികാരങ്ങളെ പോലും പിടിച്ച് കുലുക്കിയ വിദ്യാർത്ഥി പ്രതിഷേധങ്ങൾ കാമ്പസുകളിൽ ഉണ്ടായിട്ടുണ്ട്. ഇന്നും കാമ്പസുകളിൽ പ്രതിഷേധങ്ങൾക്ക് തുടക്കം കുറിക്കുമ്പോൾ തന്നെ അതിനെ അടിച്ചമർത്താൻ ഭരണകൂടം ശ്രമിക്കുന്നത് അത്തരം ചരിത്രാനുഭവങ്ങൾ ഉള്ളത് കൊണ്ടാണ്. എന്നാൽ, കഴിഞ്ഞ ദിവസം ഒരു സർവ്വകലാശാല കാമ്പസിലെ ഒരു വിദ്യാർത്ഥിനി ഒരു മാധ്യമത്തോട് സംസാരിക്കുമ്പോൾ കാമ്പസ് ജീവിതത്തെ കുറിച്ച് പറഞ്ഞ വാചകങ്ങൾ നെറ്റിസൺസിനിടെയിൽ ചേരിതിരിവുണ്ടാക്കി.

ഒന്നാം വർഷ വിദ്യാർത്ഥി കാമ്പസിനുള്ളിൽ വച്ച് ആത്മഹത്യ ചെയ്തതിന് ദിവസങ്ങൾക്കുള്ളിലാണ് വീഡിയോയും പുറത്തിറങ്ങിയത്. വിദ്യാർത്ഥിയുടെ മരണത്തിന് പിന്നാലെ ജാദവ്പൂർ സർവ്വകലാശാലാ പരിസരത്ത് മദ്യം നിരോധിച്ചു. കാമ്പസിലേക്ക് തിരിച്ചറിയൽ രേഖയില്ലാത്ത എത്തുന്ന വിദ്യാർത്ഥികളുടെ പ്രവേശനവും നിയന്ത്രിച്ചു. വിദ്യാർത്ഥിയുടെ ആത്മഹത്യയുടെ കാരണം അന്വേഷിക്കാൻ നിയമിച്ച 10 അംഗ കമ്മറ്റിയിലെ അംഗവും സർവ്വകലാശാല സയൻസ് ഫാക്കൽറ്റി ഡീനുമായ അധ്യാപകൻ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. ആത്മഹത്യയിൽ ഒരു വിദ്യാർത്ഥിയുടെ അറസ്റ്റും പോലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ സർവ്വകലാശാലയിലെ ഒരു വിദ്യാർത്ഥിനി കാമ്പസിൽ മദ്യപിക്കുന്നത് തൻറെ അവകാശമാണെന്ന് പറഞ്ഞതാണ് നെറ്റസൺസിനെ പ്രകോപിതരാക്കിയത്.

ജാദവ്പൂർ സർവ്വകലാശാലയിൽ നിന്നുള്ള ഒരു വിദ്യാർത്ഥിനിയാണ് വീഡിയോയിൽ സംസാരിക്കുന്നത്. News the Truth എന്ന ഓൺലൈൻ മാധ്യമമാണ് വീഡിയോ പകർത്തിയത്. വീഡിയോയിൽ ‘സർക്കാസം പോളിറ്റിക്സ്’ എന്നും എഴുതിയിട്ടുണ്ട്. കാമ്പസിനുള്ളിൽ വച്ചാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. വിദ്യാർത്ഥിനി റിപ്പോർട്ടറുടെ ചോദ്യത്തിന് നൽകുന്ന മറുപടി എന്ന തരത്തിലാണ് വീഡിയോ. കാമ്പസിലെ ബിയർ ബോട്ടിലുകളെ കുറിച്ചായിരുന്നു റിപ്പോർട്ടറുടെ ചോദ്യം. ഇതിന് കാമ്പസ് എന്നത് രണ്ടാം വീട് പോലെയാണെന്നും. വീട്ടിൽ നമ്മൾ സിഗരറ്റ് വലിക്കുകയും മദ്യപിക്കുകയും ചെയ്യുന്നത് പോലെ കാമ്പസിലും സിഗരറ്റ് വലിക്കാനും മദ്യപിക്കാനും അവകാശമുണ്ടെന്ന് വിദ്യാർത്ഥിനി പറയുന്നു. ഇതിന് ആരാണ് അവകാശം നൽകിയതെന്ന ചോദ്യത്തിന്, ‘ആരും എനിക്ക് ഈ അവകാശം നൽകേണ്ടതില്ലെന്നും. അത് തനിക്കുണ്ടെന്നു’മാണ് വിദ്യാർത്ഥിനി മറുപടി നൽകുന്നത്. “അവൾ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്നു, കാമ്പസ് പൊതുസ്ഥലമായി കണക്കാക്കപ്പെടുന്നു. പൊതുസ്ഥലത്ത് പുകവലിയും മദ്യപാനവും അനുവദനീയമല്ലെന്ന് സാമാന്യബുദ്ധിയുള്ള ആർക്കും അറിയാം. പക്ഷേ അവർക്ക് അതറിയില്ല.” ഒരാൾ കുറിച്ചു.

Advertisement