വാർത്താ സമ്മേളനത്തിനിടെ പാമ്പ്; മുഖ്യമന്ത്രി കൂൾ, പരിഭ്രാന്തരായി സുരക്ഷാ ജീവനക്കാരും ഒപ്പമുള്ളവരും

Advertisement

റായ്പൂർ: ഛത്തീസ്‍ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിന്റെ വാർത്താ സമ്മേളനത്തിനിടയിലേക്ക് അപ്രതീക്ഷിതമായി എത്തിയ പാമ്പ് ആശങ്ക പരത്തി. മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിക്കവെയാണ് പാമ്പിനെ കണ്ടത്. ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥരും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നവരും പരിഭ്രാന്തരായി. ചിലർ പാമ്പിനെ കൊല്ലാൻ ശ്രമിച്ചെങ്കിലും മുഖ്യമന്ത്രി വിലക്കി.

പാമ്പിനെ കണ്ട് ഒപ്പമുണ്ടായിരുന്നവർ വിരണ്ടപ്പോഴും ഭൂപേഷ് ബാഗൽ കൂളായിരുന്നു. പാമ്പിനെ ഉപദ്രവിക്കാൻ തുനിഞ്ഞവരെ അദ്ദേഹം വിലക്കി. അതിനെ ഉപദ്രവിക്കരുതെന്നും പോകാൻ അനുവദിക്കൂ എന്നും മുഖ്യമന്ത്രി അവരോട് പറയുകയും ചെയ്തു. ചാനലുകളുടെയും വാർത്താ ഏജൻസികളുടെയും ക്യാമറകൾക്ക് മുന്നിൽ വെച്ച് അപ്രതീക്ഷിതമായി എത്തിയ പാമ്പും അതിനെ തുടർന്നുണ്ടായ സംഭവങ്ങളും ക്യാമറകളിൽ പതിഞ്ഞു. ഈ ദൃശ്യങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു. പാമ്പിനെ കൊല്ലാൻ നോക്കിയവരെ അത് വിഷമില്ലാത്ത പാമ്പാണെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രി വിലക്കിയത്.

ഒരു പ്ലാസ്റ്റിക് ബാഗ് കൊണ്ടുവന്ന് പാമ്പിനെ ബാഗിലേക്കി എവിടെയെങ്കിലും കൊണ്ടുപോയി വിടാനായിരുന്നു സ്ഥലത്തുണ്ടായിരുന്നവരോട് അദ്ദേഹത്തിന്റെ നിർദേശം. ശേഷം വാർത്താ സമ്മേളനം തുടർന്ന അദ്ദേഹം പാമ്പുകളെക്കുറിച്ച് മാധ്യമങ്ങൾക്ക് ഒരു വിവരണവും നൽകി. വാർത്താ സമ്മേളനത്തിൽ പാമ്പ് കയറിയതിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെ രസകരമായ കമന്റുകളാണ് ആളുകൾ സാമൂഹിക മാധ്യമങ്ങളിൽ എഴുതുന്നത്. എന്നാൽ വിഷമില്ലാത്ത നിരുപദ്രവകാരിയായ പാമ്പിനെ ഉപദ്രവിക്കാരുതെന്ന് പറഞ്ഞ് ഒപ്പമുണ്ടായിരുന്നവരെ വിലക്കിയ മുഖ്യമന്ത്രിയുടെ നടപടിയെ നിരവധിപ്പേർ അഭിനന്ദിക്കുകയും ചെയ്തു.