ബംഗളൂരു. മനസില്‍ നിലാവിന്‍റെ കുളിരോടെ ഇന്ത്യ കാക്കുകയാണ്, ലോകം ഉറ്റുനോക്കുന്ന ആ മിനിറ്റുകള്‍ നമ്മള്‍ മറികടക്കുമോ. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ചരിത്ര സ്പർശത്തിനായുള്ള ചന്ദ്രയാൻ- മൂന്നിന്റെ കുതിപ്പിൽ അതി നിർണായകമാവുന്നത് വേഗതകുറച്ച് ലാൻഡർ ചന്ദ്രനിലിറങ്ങുന്ന നാലുമണിക്കൂറിലെ അവസാന 18 മിനിറ്റ്.
ചന്ദ്രന് ഏകദേശം 30 കിലോമീറ്റർ അകലെനിന്ന് ബുധനാഴ്ച വൈകീട്ട് 5.45ന് ആരംഭിക്കുന്ന ലാൻഡർ മൊഡ്യൂളിന്റെ മൃദു ഇറക്ക പ്രക്രിയ (സോഫ്റ്റ് ലാൻഡിങ്) 6.04 ന് വിജയകരമായി പൂർത്തിയാവുന്നതുവരെ ശാസ്ത്രലോകത്തിന് നെഞ്ചിടിപ്പാണ്. 47 വർഷങ്ങൾക്കുശേഷം റഷ്യ ചന്ദ്രനിൽ മൃദു ഇറക്കം ലക്ഷ്യമാക്കി അയച്ച ലൂണ 25 ലക്ഷ്യത്തിലേക്കുള്ള അവസാനഘട്ടത്തിലേക്ക് നീങ്ങവെ ചാന്ദ്രഭ്രമണപഥത്തിൽ തന്നെ കൈവിട്ടുപോയത് മൂന്നു ദിവസം മുമ്പാണ്.
മണിക്കൂറിൽ 6,129 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ലാൻഡർ മൊഡ്യൂളിനെ ലംബമാക്കി നിർത്തിയശേഷം ലാൻഡറിലെ ത്രസ്റ്റർ എൻജിനുകളിൽ രണ്ടെണ്ണം വിപരീത ദിശയിൽ ജ്വലിപ്പിച്ച് വേഗം ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവന്ന് ഗർത്തങ്ങളും പാറക്കല്ലുകളും തടസ്സമില്ലാത്ത ഉപരിതലത്തിൽ സാവധാനമുള്ള ഇറക്കം നടത്തുകയാണ് ലക്ഷ്യം. ഈ ഘട്ടത്തിലാണ് ഐ.എസ്.ആർഒയുടെ രണ്ടാം ചാന്ദ്രദൗത്യം തകരാറിലായി ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയത്. ഭയാശങ്കകൾ നിറഞ്ഞ ഈ അവസാന 19 മിനിറ്റിൽ ഐ.എസ്.ആർ.ഒയുടെ ആസൂത്രണങ്ങളെല്ലാം വിചാരിച്ചതുപോലെ നടപ്പായാൽ ദൗത്യം വിജയിക്കും. ഇന്ത്യൻ ബഹിരാകാശ ദൗത്യത്തിലെ നാഴികക്കല്ലായി അതു മാറും
ചന്ദ്രയാന്‍ 3 ദൗത്യത്തിന്‍റെ ലൈവ് ഐഎസ്ആര്‍ഒയുടെ യുട്യൂബ് വഴി കാണാം