മൃതദേഹം സംസ്‌ക്കരിച്ച് ദിവസങ്ങള്‍ക്ക് പിന്നാലെ പിതാവിന് മരിച്ചെന്ന് കരുതിയ മകളുടെ ഫോണ്‍

Advertisement

പാറ്റ്ന: മൃതദേഹം സംസ്‌ക്കരിച്ച് ദിവസങ്ങള്‍ക്ക് പിന്നാലെ പിതാവിന് മരിച്ചെന്ന് കരുതിയ മകളുടെ ഫോണ്‍കോള്‍. പൂനെയിലെ പൂര്‍ണിയില്‍ നടന്ന സംഭവത്തില്‍ അത്ഭുതം ആഹ്ളാദത്തിന് വഴിമാറി.

ഒരുമാസം മുമ്ബ് കാണാതായ മകളുടെ മൃതദേഹം മാതാപിതാക്കളും കുടുംബാംഗങ്ങളും ചേര്‍ന്ന് എല്ലാവധി ചടങ്ങുകളും നടത്തി സംസ്‌ക്കരിക്കുകയായിരുന്നു.

എന്നാല്‍ അധികം ദിവസങ്ങള്‍ കഴിയുന്നതിന് മുമ്ബ് തന്നെ താന്‍ ജീവിച്ചിരിപ്പുണ്ടെന്ന് മകള്‍ പിതാവിനെ വിളിച്ചറിയിക്കുകയും പിന്നാലെ വീഡിയോ കോള്‍ ചെയ്യുകയും ചെയ്തു. പൂര്‍ണിയയിലെ അക്ബര്‍പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ അന്‍ഷുകുമാരിയാണ് ഒരുമാസം മുമ്ബ് കാണാതായത്. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ഇവര്‍ക്ക് വേണ്ടി വലിയ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അതിനിടയിലാണ് പ്രദേശത്തെ ഒരു കനാലില്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം മുഖം വികൃതമാക്കിയ ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കിട്ടിയത്.

ഇട്ടിരുന്ന വസ്ത്രം വെച്ച് മാതാപിതാക്കള്‍ അത് മകളാണെന്ന് സ്ഥിരീകരിക്കുകയും പോലീസ് മൃതദേഹം വിട്ടകൊടുക്കുകയും ചെയ്തു. അതീവ ദു:ഖത്തോടെയാണ് പിതാവ് മകളുടെ മൃതദേഹം ഏറ്റുവാങ്ങിയതും ചിതയിലേക്ക് കൊണ്ടുപോയതും. മുത്തച്ഛന്‍ സംസ്‌ക്കരചടങ്ങുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. സംഭവം ചിലര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തു.

എന്നാല്‍ പിതാവ് ബിനോദ് മണ്ഡലിന്റെ മൊബൈലിലേക്ക് അന്‍ഷു വീഡിയോ കോള്‍ ചെയ്തു. ശനിയാഴ്ച അച്ഛനെ വിളിച്ച മകള്‍ താന്‍ മരിച്ചിട്ടില്ലെന്നും ജീവിച്ചിരിപ്പുണ്ടെന്നും അറിയിച്ചു. വിവരം കുടുംബത്തില്‍ സന്തോഷത്തിന്റെ തിരതള്ളല്‍ തന്നെയുണ്ടാക്കി. അപ്പോള്‍ കിട്ടിയ സന്തോഷത്തില്‍ തനിക്ക് എന്താണ് സംഭവിച്ചതെന്നും അന്‍ഷു പിതാവിനെ അറിയിച്ചു.

താന്‍ കാമുകനെ വിവാഹം കഴിച്ച് അതേജില്ലയില്‍ തന്നെയുള്ള ബന്‍മാന്‍ഖി ഏരിയയിലെ ജാന്‍കി നഗറില്‍ പെണ്‍കുട്ടിയുടെ തന്നെ മറ്റൊരു ബന്ധുവീട്ടില്‍ കഴിയുകയാണെന്നും പറഞ്ഞു. ഇതോടെ സംസ്‌ക്കരിച്ച മൃതദേഹം ആരാണെന്നുള്ള തെരച്ചിലിലായി പോലീസ്. പിന്നാലെ അതൊരു ദുരഭിമാന കൊലയ്ക്ക് ഇരയായ പെണ്‍കുട്ടിയാണെന്നും മനസ്സിലാക്കി. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ വിവരം കണ്ടെത്തിയ പോലീസ് അവര്‍ മുങ്ങിയിരിക്കുകയാണെന്നും പറഞ്ഞു.

Advertisement