അടുത്തകാലത്തായി രാജ്യമെമ്പാടുമായി നടക്കുന്ന വിവിധ തലത്തിലുള്ള പരീക്ഷയിൽ കോപ്പിയടിക്കുന്നത് വ്യാപകമാണെന്നുള്ള വാർത്തകൾ പുറത്തുവരുന്നു. പല പരീക്ഷകളിലും ഒന്നാം റാങ്ക് പോലും ഇത്തരത്തിൽ കോപ്പിയടിച്ചും കൈക്കൂലി നൽകിയുമാണ് നേടിയെടുക്കുന്നതെന്ന വാർത്തകളും ഇതിന് മുമ്പ് തന്നെ പുറത്ത് വന്നിരുന്നു. ഉത്തർപ്രദേശിലും മറ്റും പരീക്ഷാ സമയത്ത് സ്കൂൾ/കോളേജ് കെട്ടിടത്തിൻറെ ചുമരിൽ അള്ളിപ്പിടിച്ചിരുന്ന് പരീക്ഷ എഴുതുന്നവർക്ക് ഉത്തരം പറഞ്ഞ് കൊടുക്കുന്നവരുടെ വീഡിയോകളും ചിത്രങ്ങളും ഇതിന് മുമ്പും സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു.
എന്തിനേറെ പറയുന്നു, കഴിഞ്ഞ ദിവസം കേരളത്തിൽ വച്ച് നടന്ന വിഎസ്എസ്സി പരീക്ഷയിൽ ഹൈടെക്ക് കോപ്പിയടി നടന്നതിന് അറസ്റ്റിലായത് രണ്ട് ഹരിയാനക്കാരാണ്. കോപ്പിയടി വാർത്ത പുറത്ത് വന്നതിന് പിന്നാലെ വിഎസ്എസ്സി പരീക്ഷ തന്നെ റദ്ദാക്കി. ഒപ്പം കൈക്കൂലി വാങ്ങിയെന്നാരോപിച്ച് എയ്ഡഡ് സ്‌കൂളിലെ പ്രധാനാധ്യാപകനെയും കോട്ടയത്തെ അസിസ്റ്റൻറ് എഡ്യൂക്കേഷണൽ ഓഫീസറെയും (എഇഒ) കേരള സർക്കാർ കഴിഞ്ഞ വെള്ളിയാഴ്ച സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത വാർത്തയും നമ്മൾ കണ്ടു. ഇതിനിടെയാണ് സാമൂഹിക മാധ്യമങ്ങളിൽ ഒരു ഐപിഎസ് ഓഫീസർ പങ്കുവച്ച ഒരു ചിത്രം വൈറലായത്. ഇന്ത്യയുടെ ഇപ്പോഴത്തെ വിദ്യാഭ്യാസത്തെ കുറിച്ച് ആഴത്തിൽ ഒരന്വേഷണം ആവശ്യപ്പെടുന്നുണ്ട് ആ ചിത്രം.
സാധാരണ കോപ്പി എഴുതി കൊണ്ടുവന്ന് പകർത്തി എഴുതിയും അടുത്തുള്ളവരോട് ചോദിച്ചുമൊക്കയാണ് ആദ്യ കാല കോപ്പിയടികൾ നടന്നിരുന്നത്. പിന്നാലെ ഇത് ഹൈടെക്ക് ഉപകരണങ്ങളുടെ സഹായത്തോടെയുള്ള കോപ്പി അടിക്കുന്നതിലേക്ക് വളർന്നു. എന്നാൽ, അരുൺ ബോത്ര ഐപിഎസ് പങ്കുവച്ച ചിത്രം ഇതിൽ നിന്നും ഒരുപടി മുന്നിട്ട് നിൽക്കുന്നു. പരീക്ഷ പാസാക്കാനായി വിദ്യാർത്ഥികൾ അധ്യാപകർക്ക് നൂറിൻറെയും ഇരുന്നൂറിൻറെയും നോട്ടുകൾ കൈക്കൂലി നൽകിയതിൻറെ ചിത്രമായിരുന്നു അദ്ദേഹം പങ്കുവച്ചത്. ചിത്രം പങ്കുവച്ച് കൊണ്ട് അദ്ദേഹം ഇങ്ങനെ കുറിച്ചു,’ ഒരു അധ്യാപകൻ അയച്ച് തന്ന ചിത്രം. ഈ നോട്ടുകൾ ഒരു ബോർഡ് പരീക്ഷയുടെ ഉത്തരക്കടലാസിനുള്ളിൽ വിദ്യാർത്ഥികൾക്ക് പാസിംഗ് മാർക്ക് നൽകണമെന്ന് അഭ്യർത്ഥിച്ച് വച്ചതാണ്. നമ്മുടെ വിദ്യാർത്ഥികളെയും അധ്യാപകരെയും മുഴുവൻ വിദ്യാഭ്യാസ സമ്പ്രദായത്തെയും കുറിച്ച് ഈ ചിത്രം ധാരാളം സംസാരിക്കുന്നു.’
പിന്നാലെ ചിത്രം സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തു. എന്നാൽ, കുറിപ്പുകളെഴുതിയ പലരും ഇതൊരു അസാധാരണ സംഭവമല്ലെന്നും ഇന്ത്യയിൽ വളരെ സാധാരണമായ ഒരു കാര്യമാണെന്നുമായിരുന്നു എഴുതിയത്. അതായത് അരുൺ ബോത്ര ഐപിഎസ് ചൂണ്ടിക്കാണിച്ചത് പോലെ ആ ചിത്രം ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ പാളിച്ചകളെയാണ് ചൂണ്ടിക്കാണിക്കുന്നത്. ‘ഇത് പതിറ്റാണ്ടുകളായി ഇവിടെ നടക്കുന്നു. ചില വിദ്യാർത്ഥികൾ പണം തിരുകുന്നു. നമ്മുടെ കാലത്ത്, പരീക്ഷ പാസ്സായാൽ ധാരാളം പണം വാഗ്‌ദാനം ചെയ്‌ത് കൊണ്ട് ചിലർ ഫോൺ നമ്പറുകൾ ഉത്തര കടലാസിൽ ചേർക്കാറുണ്ടായിരുന്നു.’ എന്ന് ഒരു ട്വിറ്റർ ഉപയോക്താവ് എഴുതി. ‘ഇത് രാജ്യത്തിൻറെ മുഴുവൻ സംസ്കാരത്തെയും സ്ഥാപനങ്ങളെയും ആക്സസ് ചെയ്യാവുന്ന ജനാധിപത്യ സംവിധാനങ്ങളെയും കുറിച്ച് ഉറക്കെ സംസാരിക്കുന്നു.’ അരുൺ ബോത്ര ഐപിഎസിനുണ്ടായിരുന്ന ആശങ്ക ട്വിറ്റർ ഉപയോക്താക്കൾക്ക് ഉണ്ടായിരുന്നില്ല. അവരെ സംബന്ധിച്ച് അതൊരു ‘വളരെ സാധാരണമായ’ കാര്യം മാത്രം.