സ്റ്റേഷനിൽ വൈകിയെത്തി, ട്രെയിൻ പിടിക്കാൻ പ്ലാറ്റ്‌ഫോമിലേക്ക് എസ്‌യുവി കയറ്റി മന്ത്രി

Advertisement

ലക്നൗ: റെയിൽവേ സ്റ്റേഷനിൽ വൈകി എത്തിയതിനെ തുടർന്ന് തന്റെ കാർ പ്ലാറ്റ്ഫോമിലേക്കു കയറ്റി ഉത്തർപ്രദേശ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ധരംപാൽ സിങ് സെയ്നി. പ്ലാറ്റ്ഫോമിലേക്കു കാർ കൊണ്ടുപോയതിനെ തുടർന്ന് സ്റ്റേഷനിൽ സംഘർഷമുണ്ടായി.

ട്രെയിൻ പിടിക്കാനായി മന്ത്രി തന്റെ വിവിഐപി ആഡംബര എസ്‌യുവി, സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലേക്ക് കയറ്റുകയും കാറിൽനിന്ന് ഇറങ്ങിയശേഷം എക്സലേറ്ററിൽ കയറുകയും ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

ഹൗറ – അമൃത്‌സർ എക്സ്പ്രസിൽ യാത്രചെയ്യുന്നതിനായിരന്നു മൃഗസംരക്ഷണ വകുപ്പ് മന്ത്രി തന്റെ കാർ പ്ലാറ്റ്ഫോമിലേക്കു കയറ്റിയത്. ചാർബാഗ് റെയിൽവേ സ്റ്റേഷനിലെ നാലാം നമ്പർ പ്ലാറ്റ്ഫോമിലേക്കാണ് മന്ത്രി കാർ കയറ്റിയത്. പ്ലാറ്റ്ഫോമിലേക്കു വൈകിയെത്തിയതിനെ തുടർന്ന് വികലാംഗർക്കായുള്ള റാംപ് വഴിയാണ് മന്ത്രി കാർ കയറ്റിയതെന്ന് ജിആർപി ഉദ്യോഗസ്ഥൻ മാധ്യമങ്ങളോടു പറഞ്ഞു.

മന്ത്രിയുടെ നീക്കത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. നേരത്തെ കന്നുകാലികളുമായി ബന്ധപ്പെട്ട വിവാദത്തിലും മന്ത്രി ഉൾപ്പെട്ടിരുന്നു.

Advertisement