മധുര ട്രെയിൻ തീപിടിത്തം: മരണസംഖ്യ 10 ആയി ഉയർന്നു; അപകടകാരണം സിലിണ്ടർ പൊട്ടിത്തെറിച്ചത് , 10 ലക്ഷം രൂപാ വീതം ധനസഹായം പ്രഖ്യാപിച്ചു

Advertisement

മധുര: ലക്‌നൗ-രാമേശ്വരം ട്രെയിനിലെ ടൂറിസ്റ്റ് കോച്ചിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം പത്തായി. ഉത്തർ പ്രദേശിൽ നിന്നുള്ള ടൂറിസ്റ്റ് സംഘം സഞ്ചരിച്ചിരുന്ന പ്രത്യേക കോച്ച് മധുരയിൽ നിർത്തിയിട്ടപ്പോഴാണ് തീപിടിത്തമുണ്ടായത്. രണ്ട് സ്ത്രീകളടക്കം എട്ട് പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് ആശങ്ക. മരിച്ചവരുടെ കുടുംബത്തിന് ദക്ഷിണ റെയിൽവേ പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

മരിച്ചവരെല്ലാം യുപി സ്വദേശികളാണ്. മധുര റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് ട്രെയിൻ നിർത്തിയത്. വിനോദസഞ്ചാരികളിൽ ചിലർ പുലർച്ചെ ചായ ഉണ്ടാക്കാൻ ശ്രമിച്ചപ്പോൾ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. പുലർച്ചെ 5.15നാണ് അപകടമുണ്ടായത്. 5.45ഓടെയാണ് അഗ്നിരക്ഷാ സേന സ്ഥലത്ത് എത്തുന്നത്. 7.15ഓടെ തീ പൂർണമായും അണച്ചു

പുനലൂർ-മധുര എക്‌സ്പ്രസിൽ നാഗർ കോവിലിൽ നിന്നാണ് ടൂറിസ്റ്റ് കോച്ച് ഘടിപ്പിച്ച് മധുരയിൽ എത്തിയത്. ഇവിടെ നിന്ന് മറ്റൊരു ലൈനിലേക്ക് ഈ കോച്ച് മാറ്റിയിട്ടിരിക്കുകയായിരുന്നു.

Advertisement