എന്താണ് സ്റ്റോക്ക്ഹോം സിൻഡ്രോം?; ഇരയും വേട്ടക്കാനും തമ്മില്‍ സൗഹൃദം സാധ്യമോ?

Advertisement

വര്‍ത്തമാന കാലത്ത്, തട്ടിക്കൊണ്ട് പോകുന്നവരും ബന്ദികളാക്കപ്പെട്ടവരും തമ്മിലുണ്ടാകുന്ന സൗഹൃദബന്ധത്തെ വിശേഷിപ്പിക്കുന്ന പദമാണ് സ്റ്റോക്ക്ഹോം സിൻഡ്രോം (Stockholm syndrome). അമ്പത് വര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1973 ല്‍ സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ നടന്ന ഒരു ബാങ്ക് കവർച്ചയ്ക്കിടെ നാല് ബാങ്ക് ജീവനക്കാരെ ബന്ദികളാക്കി കവര്‍ച്ചക്കാർ പിടികൂടിയപ്പോഴാണ് ഈ പദം ആദ്യമായി ഉപയോഗിച്ച് തുടങ്ങുന്നത്. അന്ന് ബന്ദികളാക്കപ്പെട്ടവര്‍, കവര്‍ച്ചക്കാര്‍ക്കെതിരെ കോടതിയില്‍ മൊഴി നല്‍കാന്‍ തയ്യാറാകാതെ കവര്‍ച്ചക്കാരെ സംരക്ഷിക്കുന്ന നിലപാടെടുത്തു. ഈയൊരു സംഭവമാണ് പിന്നീട് ഇത്തരമൊരു ആശയത്തെ സൂചിപ്പിക്കാനായി ഉപയോഗിക്കപ്പെട്ടത്.

ആദ്യകാലത്ത് ഇത്തരമൊരു സ്ഥിതിവിശേഷത്തെ ‘നോർമലംസ്റ്റോർഗ് സിൻഡ്രോം’ (Norrmalmstorg syndrome) എന്നായിരിന്നു വിശേഷിപ്പിച്ചിരുന്നത്. പിന്നീട് ബന്ദി നാടകങ്ങള്‍ വര്‍ദ്ധിക്കുകയും ബന്ദികളാക്കപ്പെട്ടവര്‍ തങ്ങളെ ബന്ദികളാക്കിയവരുമായി കൂടുതല്‍ അടുക്കുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാവുകയും ചെയ്തതോടെയാണ് ഈയൊരു സ്ഥിതി വിശേഷത്തെ സ്റ്റോക്ക്ഹോം സിൻഡ്രോം എന്ന് വിശേഷിപ്പിക്കാന്‍ തുടങ്ങിയത്. സ്വീഡിഷ് ക്രിമിനോളജിസ്റ്റും സൈക്യാട്രിസ്റ്റുമായ നിൽസ് ബെജറോട്ടാണ് ഈ വാക്കിന്‍റെ ഉപജ്ഞാതാവെന്ന് കരുതപ്പെടുന്നു. 1973 ഓഗസ്റ്റിൽ സ്വീഡിഷ് തലസ്ഥാനത്ത് നടന്ന ഒരു ബാങ്ക് കവർച്ച പോലീസിനെ പ്രതിരോധത്തിലാക്കി. ഈയവസരത്തിലായിരുന്നു അദ്ദേഹം സ്റ്റോക്ക്ഹോം സിൻഡ്രോം എന്ന പദം ഉപയോഗിക്കുന്നത്. പിന്നീട് അദ്ദേഹത്തിന്‍റെ മകള്‍ സൂസൻ പറഞ്ഞത് ‘ഇത് ഇത്രയും വലിയൊരു കാര്യമായി മാറുമെന്ന് അദ്ദേഹത്തിന് പോലും അറിയില്ലായിരുന്നു.’ എന്നായിരുന്നു.

വാക്കിന്‍റെ വഴി

1973 ആഗസ്ത് 23-നാണ് ജാൻ-എറിക് ഓൾസൺ എന്ന കുറ്റവാളി സ്റ്റോക്ക്ഹോം നഗരത്തിലെ ഒരു ബാങ്ക് കൊള്ളയടിക്കാൻ ശ്രമിക്കുന്നത്. സംഭവത്തോടെ പോലീസ് പെട്ടെന്ന് പ്രതികരിച്ചു. ഇത് പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. സബ് മെഷീൻ ഗണ്ണുമായി എത്തിയ കവര്‍ച്ചക്കാര്‍ നാല് ബാങ്ക് ജീവനക്കാരെ ബന്ദികളാക്കി, 3 ദശലക്ഷം ക്രോണറും ബുള്ളറ്റ് പ്രൂഫ് വെസ്റ്റും രക്ഷപ്പെടാനായി ഒരു കാറും ആവശ്യപ്പെട്ടു. കൂടാതെ തന്‍റെ പഴയ സഹതടവ് പുള്ളിയായ ക്ലാർക്ക് ഒലോഫ്‌സണെ ജയിലിൽ നിന്ന് മോചിപ്പിച്ച് ബാങ്കിലേക്ക് കൊണ്ടുവരണമെന്നും ജാൻ-എറിക് ഓൾസൺ ആവശ്യപ്പെട്ടു. പോലീസ് ഇത് സമ്മതിച്ചു. തത്സമയ ടിവി ചര്‍ച്ചകളിലേക്ക് വിഷയം പെട്ടെന്ന് ഏറ്റെടുക്കപ്പെട്ടു. പ്രധാനമന്ത്രി ഒലോഫ് പാവും ചര്‍ച്ചകളില്‍ ഇടപെട്ടു.

എന്നാല്‍, ബന്ദിയാക്കപ്പെട്ട ക്രിസ്റ്റിൻ എൻമാർക്ക് ടെലിഫോണിലൂടെ പ്രധാനമന്ത്രിയോട് പറഞ്ഞത്, തനിക്ക് കുറ്റവാളികളെയല്ല, മറിച്ച് പോലീസിനെയാണ് ഭയമെന്നായിരുന്നു. മാത്രമല്ല, കുറ്റവാളിയായ ജാൻ-എറിക് ഓൾസണുമായി താന്‍ അടുപ്പത്തിലായെന്നും അവര്‍ പറഞ്ഞു. ചര്‍ച്ചകള്‍ പക്ഷേ, പരാജയപ്പെട്ടു. തുടര്‍ന്ന് ആഗസ്റ്റ് 28 ന് പോലീസ് കണ്ണീർ വാതകം പ്രയോഗിച്ച് ബാങ്കിലേക്ക് ഇരച്ച് കയറി. ഓൾസണെയും ഒലോഫ്‌സണെയും അറസ്റ്റ് ചെയ്തു. പിന്നാലെ ബന്ദികളെ മോചിപ്പിച്ചു. ഇതിനിടെ രണ്ട് പോലീസുകാര്‍ക്ക് വെടിയേറ്റിരുന്നു.