താൻ ഭിന്നശേഷിക്കാരി, ശാരീരിക പരിമിതി ഉള്ളതുകൊണ്ടാണ് കുട്ടികളോട് അടിക്കാൻ പറഞ്ഞത്; ന്യായീകരിച്ച് അധ്യാപിക

Advertisement

ന്യൂഡൽഹി: ഉത്തർപ്രദേശിലെ മുസഫർ ന​ഗറിൽ സഹപാഠികളെ കൊണ്ട് വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ ന്യായീകരണവുമായി അധ്യാപിക തൃപ്ത ത്യാഗി രം​ഗത്ത്. താൻ ഭിന്നശേഷിക്കാരിയാണ്. ശാരീരിക പരിമിതി ഉള്ളതുകൊണ്ടാണ് കുട്ടികളോട് അടിക്കാൻ നിർദ്ദേശിച്ചതെന്ന് തൃപ്ത ത്യാ​ഗി പറയുന്നു.

കഴിഞ്ഞ ദിവസമാണ് സഹപാഠികളെക്കൊണ്ട് വിദ്യാർത്ഥിയുടെ മുഖത്തടിക്കാൻ അധ്യാപിക നി‍ർദ്ദേശിച്ചത്. കൂടാതെ ശരീരത്തിന്റെ മറ്റു ഭാ​ഗങ്ങളിലും മ‍ർദ്ദിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ അധ്യാപികക്കെതിരെ കേസെടുത്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വിഷയത്തിൽ പ്രതികരണവുമായി അധ്യാപിക രം​ഗത്തെത്തിയത്.

താൻ ഭിന്നശേഷിക്കാരിയാണ്. ശാരീരിക പരിമിതി ഉള്ളതുകൊണ്ടാണ് കുട്ടികളോട് അടിക്കാൻ നിർദ്ദേശിച്ചത്. പഠിച്ചില്ലെങ്കിൽ കടുത്ത ശിക്ഷ നൽകിക്കൊള്ളാൻ കുട്ടിയുടെ രക്ഷിതാക്കൾ നിർദ്ദേശിച്ചിരുന്നുവെന്ന് തൃപ്ത ത്യാ​ഗി പറഞ്ഞു. സംഭവത്തിൽ വർഗീയത കലർത്തരുതെന്നും തൃപ്ത ത്യാ​ഗി ആവശ്യപ്പെട്ടു.

അതേസമയം, സംഭവത്തിൽ അന്വേഷണത്തിന് നിർദ്ദേശിച്ച് ദേശീയ ബാലാവകാശ കമ്മീഷൻ രം​ഗതതെത്തി. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്ന് കമ്മീഷൻ അധ്യക്ഷൻ പ്രിയങ്ക് കനൂംഗോ പറഞ്ഞു. മുസഫർ നഗറിലെ ഒരു നവോദയ വിദ്യാലയത്തിലാണ് സംഭവം നടന്നത്. കഴിഞ്ഞയാഴ്ച നടന്ന ക്രൂരസംഭവത്തിൻറെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെയാണ് പുറത്തായത്. ഒരു വിദ്യാർത്ഥിയെ ക്ലാസ് മുറിയിൽ മാറ്റി നിർത്തിയിരിക്കുന്നു. കുട്ടിയെ കണക്കറ്റ് ശകാരിക്കുന്ന അധ്യാപിക മറ്റ് കുട്ടികളോട് അടിക്കാൻ നിർദ്ദേശിക്കുന്നു. മുഖത്ത് അടിക്കാനുള്ള നിർദ്ദേശത്തൊടൊപ്പം ശരീരത്തിൻറെ മറ്റിടങ്ങളിലും മർദ്ദിക്കാൻ പ്രേരിപ്പിക്കുകയാണ്. ദൃശ്യങ്ങൾ പകർത്തുന്നയാളും സംഭവം ആസ്വദിക്കും വിധമുള്ള ശബ്ദം ദൃശ്യത്തിൽ കേൾക്കാം.

ഒരു മത വിഭാഗത്തിൽ പെട്ട കുട്ടിയെ മറ്റൊരു മതത്തിലെ കുട്ടികളെ കൊണ്ട് അധ്യാപിക മർദ്ദിച്ചുവെന്ന രീതിയിലാണ് ദൃശ്യം പ്രചരിച്ചത്. കണക്കിൻറെ പട്ടിക പഠിക്കാത്തതിന് നൽകിയ ശിക്ഷയാണെന്നും വാദമുണ്ട്. എന്നാൽ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിനാൽ ദേശീയ ബാലാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണത്തിൻറെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ബാലാവകാശ കമ്മീഷൻ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതും കമ്മീഷൻ വിലക്കി.