സംസാരിക്കാൻ കൂട്ടാക്കിയില്ല; നടുറോഡിൽ സ്കൂൾ വിദ്യാർഥിനിയുടെ കവിളിൽ കടിച്ച് യുവാവിന്റെ അതിക്രമം

Advertisement

ഭോപ്പാൽ: മധ്യപ്രദേശിൽ സ്കൂൾ വിട്ടു വീട്ടിലേക്കു വരികയായിരുന്ന പെൺകുട്ടിക്കു നേരെ യുവാവിന്റെ അതിക്രമം. പെൺകുട്ടിയെ പിന്തുടർന്നെത്തിയ യുവാവ് കവിളിൽ കടിച്ച് പരുക്കേൽപ്പിക്കുകയായിരുന്നു.

മുൻവൈരാഗ്യത്തെ തുടർന്നാണ് ഇത്തരത്തിൽ പ്രതികാരം ചെയ്തതെന്ന് അക്രമി സുഹൃത്തുക്കളോട് പറഞ്ഞെന്നു പെൺകുട്ടി പൊലീസിനു മൊഴി നൽകി. ‘‘ഇത്തവണ നിന്റെ കവിളിൽ കടിച്ച് അടയാളം വരുത്തുക മാത്രമാണ് ചെയ്തത്. അടുത്ത തവണ ഞാൻ നിന്റെ മുഖം വികൃതമാക്കും’’ എന്നും ഇയാൾ ഭീഷണിപ്പെടുത്തിയതായി പെൺകുട്ടി പറഞ്ഞു. അതിക്രമത്തിനു നിരവധിപേർ ദൃക്സാക്ഷികളായിരുന്നെങ്കിലും പെൺകുട്ടിയെ സഹായിക്കാൻ ആരും തയാറായില്ല

അക്രമിയെ പെൺകുട്ടിക്ക് വ്യക്തിപരമായി പരിചയമില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്കൂളിൽനിന്നു വരുമ്പോൾ ഇയാൾ പെൺകുട്ടിയെ പിന്തുടരുകയും അശ്ലീല കമന്റ് പറയുകയും ചെയ്തിരുന്നതായി കുട്ടി പൊലീസിൽ മൊഴിനൽകി. കൂടാതെ തന്നോട് സംസാരിക്കണമെന്ന് ഇയാൾ നിരന്തരം ആവശ്യപ്പെട്ടിരുന്നതായും പെൺകുട്ടി വ്യക്തമാക്കി.

വ്യാഴാഴ്ച ബൈക്കിൽ എത്തിയ പ്രതി പെൺകുട്ടിയോട് സംസാരിക്കാൻ ശ്രമിച്ചു. പക്ഷേ, പെൺകുട്ടി നിരസിച്ചു. പിറ്റേന്ന് സുഹൃത്തുക്കൾക്കൊപ്പമാണ് ഇയാൾ എത്തിയത്. സംസാരിക്കാൻ തയാറാകാത്ത പെൺകുട്ടി തന്നെ അപമാനിക്കുകയാണെന്ന് അയാൾ സുഹൃത്തുക്കളോട് പറഞ്ഞു. തുടർന്ന് പെൺകുട്ടിയുടെ കയ്യിൽ കയറിപ്പിടിക്കുകയും കവിളിൽ കടിച്ച് പരുക്കേൽപ്പിക്കുകയുമായിരുന്നു. സംസാരിക്കാതെ അപമാനിച്ചതിനുള്ള പ്രതികാരമാണ് ഇതെന്ന് അയാൾ സുഹൃത്തുക്കളോട് പറയുകയും ചെയ്തു. ഇനിയും സംസാരിക്കാതിരുന്നാൽ അടുത്ത കവിളിലും കടിക്കുമെന്ന് ഭീഷണിപ്പെടുത്തി. അക്രമിയെ തള്ളിമാറ്റി പെൺകുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി തനിക്കു നേരെയുണ്ടായ അതിക്രമം മാതാപിതാക്കളോട് പറയുകയും അവർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ല.