ന്യൂഡൽഹി: ബെംഗളൂരു – ഡൽഹി വിമാനയാത്രയ്ക്കിടെ മരണത്തെ മുഖാമുഖം നേരിട്ട രണ്ടു വയസ്സുകാരിക്കു പുതുജീവൻ നൽകി ഡോക്ടർമാർ. ബെംഗളൂരുവിൽനിന്നു ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് രക്ഷിതാക്കൾക്കൊപ്പം ഡൽഹിയിലേക്കു മടങ്ങുന്നതിനിടെയാണു കുഞ്ഞ് അബോധാവസ്ഥയിലായത്. അനൗൺസ്മെന്റിനു പിന്നാലെ, വിമാനത്തിലുണ്ടായിരുന്ന ഡൽഹി എയിംസിലെ ഡോക്ടർമാർ രക്ഷകരാവുകയായിരുന്നു.
പ്രാഥമിക പരിശോധനയിൽ കുട്ടിയുടെ നാഡീമിടിപ്പ് നിലച്ചതായി ഡോക്ടർമാർ കണ്ടെത്തി. കുട്ടിയുടെ ചുണ്ടും വിരലുകളും നീലനിറമായി മാറിയിരുന്നു. ഉടൻതന്നെ പ്രാഥമിക ശുശ്രൂഷ ആരംഭിക്കുകയും വിമാനം നാഗ്പുരിലേക്കു തിരിച്ചുവിടുകയും ചെയ്തു. കൃത്രിമ ശ്വാസം നൽകുകയും ഹൃദയാഘാതത്തെ ചെറുക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തതോടെ കുട്ടിക്ക് ബോധം തിരിച്ചുകിട്ടി. നാഗ്പുരിൽ എത്തിയപ്പോഴേക്കും ആരോഗ്യനില മെച്ചപ്പെട്ട കുട്ടിയെ ശിശുരോഗ വിദഗ്ധർക്ക് കൈമാറി.
ഡൽഹി എയിംസിലെ ഡോക്ടർമാരായ നവദീപ് കൗർ, ദമൻദീപ് സിങ്, ഋഷഭ് ജെയിൻ, ഒയിഷിക, അവിചല തക്‌ഷക് എന്നിവരാണ് ദൗത്യത്തിൽ പങ്കാളികളായത്. എല്ലാവരും സീനിയർ ഡോക്ടർമാരാണ്. ബെംഗളൂരുവിൽ നടന്ന ഐഎസ്‌വിഐആർ സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇവർ.