ചന്ദ്രനിലെ വലിയ ഗര്‍ത്തം, ചന്ദ്രയാന്‍ മൂന്ന് റോവറിന്റെ സഞ്ചാരപാത മാറ്റി

Advertisement

ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ മൂന്നിലെ പ്രഗ്യാന്‍ റോവര്‍ പകര്‍ത്തിയ ആദ്യ ദൃശ്യങ്ങള്‍ പുറത്ത്. ചന്ദ്രോപരിതലത്തില്‍ പര്യവേക്ഷണം നടത്തുന്ന റോവര്‍ ഇന്നലെ പകര്‍ത്തിയ ചന്ദ്രന്റെ ദൃശ്യങ്ങളാണ് ഐഎസ്ആര്‍ഒ ഇന്ന് പുറത്തുവിട്ടത്. നാലുമീറ്റര്‍ വ്യാസമുള്ള ഗര്‍ത്തത്തിന്റെ അരികില്‍ എത്തിയ റോവറിനെ സുരക്ഷിതമായി വഴി തിരിച്ചുവിട്ടതായും ചിത്രങ്ങള്‍ സഹിതം ഐഎസ്ആര്‍ഒ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
പര്യവേക്ഷണത്തിനിടെ മൂന്ന് മീറ്റര്‍ മുന്നിലാണ് ഗര്‍ത്തം കണ്ടെത്തിയത്. തുടര്‍ന്ന് സുരക്ഷിതമായി മറ്റൊരു പാതയിലൂടെ പോകാന്‍ റോവറിന് നിര്‍ദേശം നല്‍കിയതായും ഐഎസ്ആര്‍ഒ കുറിച്ചു. നിലവില്‍ സുരക്ഷിത പാതയിലൂടെ റോവര്‍ മുന്നോട്ടുപോകുന്നതായും ഐഎസ്ആര്‍ഒ വ്യക്തമാക്കി.
ഒരു ചാന്ദ്രദിനം എന്നത് പതിനാല് ദിവസമാണ്. ഒരു ചാന്ദ്രദിനം കഴിയാന്‍ ഇനി പത്തുദിവസം കൂടിയെ ബാക്കിയുള്ളൂ. സമയത്തിനെതിരെ മത്സരിച്ച് കുറച്ചുസമയത്തിനുള്ളില്‍ തന്നെ പരമാവധി ദൂരം പിന്നിട്ട് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ പര്യവേക്ഷണം നടത്തുകയാണ് ലക്ഷ്യമെന്ന് സ്പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ ഡയറക്ടര്‍ നീലേഷ് എം ദേശായി പറഞ്ഞു.

Advertisement