തിരക്കേറിയ ഒരു റോഡിന്‍റെ സമീപത്ത് ഉന്തുവണ്ടിയില്‍ പഴം വില്‍ക്കുന്ന ഒരു സ്ത്രീയുടെ വീഡിയോയ്ക്ക് പിന്നാലെയാണ് നെറ്റിസണ്‍സ്. ഝാര്‍ഖണ്ഡ് കേഡറിലെ ഡെപ്യൂട്ടി കലക്ടറായ സഞ്ചയ് കുമാറാണ് വീഡിയോ തന്‍റെ ട്വിറ്റര്‍ (X) അക്കൗണ്ടിലൂടെ വീഡിയോ പങ്കുവച്ചത്.
ഒരു പക്ഷേ നമ്മളില്‍ പലരും തിക്കിട്ട് റോഡിലൂടെ കടന്ന് പോകുമ്പോള്‍ നമ്മുക്ക് ചുറ്റും സംഭവിക്കാവുന്ന / സംഭവിച്ച് കൊണ്ടിരിക്കുന്ന കാര്യമാണെങ്കിലും റോഡിലൂടെ പോകുമ്പോള്‍ നമ്മളില്‍ പലരും ഇത്തരം കാഴ്ചകള്‍ കാണാറില്ലെന്നതാണ് സത്യം. എന്നാല്‍, അത്തരത്തിലൊരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുമ്പോള്‍ അത് പെട്ടെന്ന് തന്നെ ആളുകളുടെ ശ്രദ്ധ നേടുന്നു. സഞ്ചയ് കുമാര്‍ പങ്കുവച്ച വീഡിയോയും അത്തരത്തിലൊന്നായിരുന്നു. വീഡിയോ പങ്കുവച്ച് കൊണ്ട് സഞ്ജയ് ഇങ്ങനെ കുറിച്ചു, ‘ഇന്ന് അടിക്കുറിപ്പ് നൽകാൻ എനിക്ക് വാക്കുകളില്ല..!!’
വീഡിയോയില്‍, തിരക്കേറിയ റോഡിന്‍റെ അരികിലായി ഒതുക്കി വച്ചിരിക്കുന്ന ഒരു ഉന്തുവണ്ടിയില്‍ നിറയെ പഴങ്ങള്‍ നിരത്തി വച്ചിരിക്കുന്നത് കാണാം. ഉന്തുവണ്ടിയുടെ അരികില്‍ നിന്നും ഒരു സ്ത്രീ, ആളെഴിഞ്ഞ നേരത്ത് താഴെ നിലത്ത് വിരിച്ച ഒരു മഞ്ഞ ഷീറ്റില്‍ ഇരിക്കുന്ന രണ്ട് കുട്ടികളെ എഴുതാനും വാക്കാനും സഹായിക്കുന്നു. ഈ സമയം റോഡില്‍ കൂടി പല തരത്തിലുള്ള വാഹനങ്ങള്‍ കടന്ന് പോകുന്നത് കാണാം. വെറും 28 സെക്കന്‍റ് മാത്രമുള്ള വീഡിയോ ഒറ്റ ദിവസത്തിനുള്ളില്‍ ഒരു ലക്ഷത്തിന് മുകളില്‍ ആളുകള്‍ കണ്ടു കഴിഞ്ഞു. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേര്‍ ആ അമ്മയുടെ ശ്രമത്തെ പ്രോത്സാഹിപ്പിച്ച് രംഗത്തെത്തി. ചിലര്‍, ഇന്നത്തെ കാലത്ത് വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് കുറിപ്പുകളെഴുതി. ‘ഇന്ത്യക്കാർ സ്വയം വിദ്യാഭ്യാസം നേടിയാൽ മാത്രമേ രാജ്യം പുരോഗമിക്കൂ, അവൾ എത്ര ബുദ്ധിയുള്ള അമ്മയാണ്. ഈ സ്ത്രീക്ക് സല്യൂട്ട്.’ എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ കുറിച്ചത്. മറ്റൊരാള്‍ നെറ്റിസണ്‍സിനോട് തങ്ങളാല്‍ കഴിയുന്ന തരത്തില്‍ അവരെ സഹായിക്കാന്‍ ആവശ്യപ്പെട്ടു. ‘സാർ, സാധ്യമായ വിധത്തിൽ അവരെ സഹായിക്കൂ’ അയാള്‍ കുറിച്ചു.