ന്യൂഡൽഹി: കേന്ദ്ര സർക്കാർ അപ്രതീക്ഷിതമായി പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം വിളിച്ചിരിക്കുന്നത് സുപ്രധാന ബിൽ കൊണ്ടുവരാനെന്ന് സൂചന. അടുത്ത വർഷം മേയ് വരെ കാലാവധിയുള്ള പതിനേഴാം ലോക്സഭ നേരത്തെ പിരിച്ചുവിട്ട് ഡിസംബറിൽ തെരഞ്ഞെടുപ്പ് നടത്താൻ സാധ്യതയുണ്ടെന്ന് അഭ്യൂഹം പരന്നതിനിടെയാണ് സമ്മേളനം വിളിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയം.
‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ബിജെപിയുടെ പ്രഖ്യാപിത നയം നടപ്പാക്കുന്നതിനുള്ള ബില്ലാണ് നടപ്പാക്കാൻ പോകുന്നതെന്നും സൂചനയുണ്ട്.
പാർലമെന്‍റിലേക്കും സംസ്ഥാന നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഒരുമിച്ചു നടത്തുക എന്നതാണ് ഇതിന്‍റെ ആശയം. ഇതിന്‍റെ ആദ്യ പടിയായി ഈ വർഷം നടക്കാനിരിക്കുന്ന നാല് സംസ്ഥാന തെരഞ്ഞെടുപ്പുകൾക്കൊപ്പം ലോക്‌സഭാ തെരഞ്ഞെടുപ്പും നടത്തിയേക്കുമെന്നാണ് റിപ്പോർട്ട്.
സെപ്റ്റംബർ 18 മുതൽ അഞ്ച് ദിവസത്തേക്ക് ചേരുന്ന പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തിന്‍റെ അജൻഡയൊന്നും കേന്ദ്ര സർക്കാർ പുറത്തുവിട്ടിട്ടില്ല. അപ്രതീക്ഷിതമായി പാർലമെന്‍റ് സമ്മേളനം വിളിച്ചത് പ്രതിപക്ഷ കക്ഷികളെയും അമ്പരപ്പിച്ചിട്ടുണ്ട്. വിശാല പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ മുന്നണി ചുവടുറപ്പിക്കും മുൻപ് തെരഞ്ഞെടുപ്പ് നടത്താനാണ് സർക്കാർ നീക്കമെന്നാണ് അവരുടെ ആശങ്ക.