ന്യൂഡല്‍ഹി. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെക്കുറിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിച്ചു കേന്ദ്രസര്‍ക്കാര്‍. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് സമിതിയുടെ അദ്ധ്യക്ഷന്‍.
സമിതി വിഷയം പഠിച്ച് കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഭരണഘടനാ വിദഗ്ദ്ധരുമായും ഇവര്‍ ചര്‍ച്ച നടത്തും. അടുത്തവര്‍ഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പും ഡിസംബറില്‍ അഞ്ചു സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് പുതിയ നീക്കവുമായി കേന്ദ്രം എത്തുന്നത്. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുകയാണ് ഉദ്ദേശം.
പാര്‍ലമെന്റ് സമ്മേളനം വിളിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ സമിതിയെയും കേന്ദ്രം പ്രഖ്യാപിച്ചത്. സമിതിയില്‍ വിരമിച്ച ചില ജഡ്ജിമാരും ഉണ്ടാകുമെന്നാണ് വിവരം. അതേസമയം സമിതിയില്‍ എത്രപേര്‍ ഉണ്ടാകുമെന്നത് ഉള്‍പ്പെടെയുള്ള ഔദ്യോഗിക പ്രഖ്യാപനം കേന്ദ്രസര്‍ക്കാര്‍ പിന്നാലെ നടത്തുമെന്നാണ് വിവരം. 18 ാം തീയതി നടക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തിന് മുമ്ബായി സമിതിക്ക് റിപ്പോര്‍ട്ട് നല്‍കാനാകമോ എന്നാണ് നോക്കുന്നത്. നേരത്തേ തന്നെ ഈ വിഷയം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. ഒരുമിച്ച് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനാകുമെന്നും തെരഞ്ഞെടുപ്പിന്റെ ചെലവുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ലഘൂകരിക്കാനും സംസ്ഥാനങ്ങളിലെ വികസനം എന്നിവയ്‌ക്കെല്ലാം ഗുണമാകുമെന്നാണ് കേന്ദ്ര വിലയിരുത്തല്‍.
പാര്‍ലമെന്റില്‍ വിഷയം ചര്‍ച്ചയ്ക്കായി കൊണ്ടുവരികയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇത് നടപ്പാക്കാനാകുമോ എന്ന് വ്യക്തമല്ല. രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളെല്ലാമായി വലിയ ചര്‍ച്ചകള്‍ നടത്തേണ്ട സാഹചര്യം ഇതിലുണ്ട്. കേരളം പോലെ ലോക്‌സഭാ തെരഞ്ഞെുടപ്പുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളുടെ സമയവ്യത്യാസം വരുന്ന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാകും ഇക്കാര്യത്തില്‍ കൂടുതല്‍ എതിര്‍പ്പിന് കാരണമാകുക. പ്രതിപക്ഷ പാര്‍ട്ടികളുടെ വലിയ എതിര്‍പ്പിന് കാരണമായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുന്‍ രാഷ്ട്രപതിമാരെ ഇത്തരത്തില്‍ ചുമതലകളില്‍ നിയോഗിക്കില്ലെന്ന കീഴ്വഴക്കം ചൂണ്ടിക്കാട്ടി സമാജിവാദി പാര്‍ട്ടി അടക്കം ചിലര്‍ രംഗത്തുണ്ട്. എന്നാല്‍ വിഷയത്തിന്‍റെ ഗൗരവമാണ് ഇത്തരം നീക്കത്തിന് പിന്നിലെന്നാണ് ബിജെപി നിലപാട്.