പന്നികള്‍ വിള നശിപ്പിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കം കൊലപാതകങ്ങളില്‍ കലാശിച്ചു. രണ്ട് സ്ത്രീകള്‍ അടക്കം ഒരു കുടുംബത്തിലെ മൂന്ന് പേരെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു. ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ ഝഞ്ജി ടോല ഗ്രാമത്തിലാണ് സംഭവം. ഇവര്‍ വളര്‍ത്തുന്ന പന്നികള്‍ ബന്ധുവിന്റെ കൃഷിയിടത്തിലെ വിളകള്‍ നശിപ്പിച്ചു എന്ന് ആരോപിച്ചായിരുന്നു ആക്രമണം.
ജ്ഞാനേശ്വര്‍ ബേഡിയ (42), സരിതാ ദേവി (39), സഞ്ജു ദേവി (25) എന്നിവരാണ് മരിച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പ് ഇവര്‍ വളര്‍ത്തുന്ന പന്നികള്‍ ബന്ധുവിന്റെ കൃഷിയിടത്തിലെ വിള നശിപ്പിച്ചു എന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്ന് പൊലീസ് പറയുന്നു. ഇരു കുടുംബങ്ങള്‍ തമ്മിലുള്ള തര്‍ക്കം ആക്രമണത്തില്‍ കലാശിക്കുകയായിരുന്നു. വ്യാഴാഴ്ച ആയുധങ്ങളുമായി എത്തിയ ആള്‍ക്കൂട്ടം കുടുംബത്തിലെ സ്ത്രീകള്‍ അടക്കമുള്ളവരെ ആക്രമിക്കുകയായിരുന്നു. മൂന്ന് പേരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 14 പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.