‘ഇന്ത്യ’ യോഗത്തിൽ അപ്രതീക്ഷിതമായി സിബൽ; കോൺഗ്രസ് നേതാക്കൾക്ക് അനിഷ്ടം

Advertisement

മുംബൈ: പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയുടെ മൂന്നാമത്തെ ഔദ്യോഗിക യോഗം മുംബൈയിൽ നടക്കവെ, പഴയൊരു സഹപ്രവർത്തകന്റെ അപ്രതീക്ഷിത വരവിൽ അസ്വസ്ഥരായി കോൺഗ്രസ് നേതാക്കൾ. ഇടക്കാലത്ത് പാർട്ടി വിട്ടുപോയ മുതിർന്ന നേതാവ് കപിൽ സിബലിന്റെ വരവാണ്, മുംബൈയിലെ യോഗത്തെ അൽപനേരത്തേക്ക് നാടകീയമാക്കിയത്. സിബൽ യോഗത്തിന് എത്തിയതിൽ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം, സിബൽ യോഗത്തിൽ പങ്കെടുക്കുന്നതിൽ എതിർപ്പില്ലെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ നിലപാട്. സിബലിന്റെ പങ്കാളിത്തത്തെ എതിർത്ത കോൺഗ്രസ് നേതാക്കളെ മറ്റു പാർട്ടികളുടെ നേതാക്കൾ ഇടപെട്ട് ശാന്തരാക്കിയതായും റിപ്പോർട്ടിൽ പറയുന്നു.

സിബൽ യോഗത്തിൽ പങ്കെടുക്കാൻ എത്തിയതിനെ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ശക്തിയുക്തം എതിർത്തതായാണ് വിവരം. യോഗത്തിൽ പങ്കെടുത്ത നേതാക്കൾ ഒരുമിച്ചു ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനു മുന്നോടിയായി വേണുഗോപാൽ തന്റെ അനിഷ്ടം പരസ്യമാക്കുകയും ചെയ്തു. യോഗത്തിന് ആതിഥ്യം വഹിക്കുന്ന ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയെയാണ് വേണുഗോപാൽ അനിഷ്ടം അറിയിച്ചത്.

ഇതിനിടെ പ്രശ്നത്തിൽ ഇടപെട്ട നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവർ വേണുഗോപാലിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. പ്രതിപക്ഷ നേതാക്കൾ ഒത്തുചേരുന്ന വേദിയെന്ന നിലയിൽ സിബലിന്റെ സാന്നിധ്യം അംഗീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. അതേസമയം, സിബൽ പങ്കെടുക്കുന്നതിൽ എതിർപ്പില്ലെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ നിലപാട്. തുടർന്ന് നിലവിൽ രാജ്യസഭാ എംപി കൂടിയായ സിബൽ പ്രതിപക്ഷ നേതാക്കൾക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തു.

യോഗ സ്ഥലത്ത് എത്തിയ സിബലിനെ എൻസിപി നേതാവ് സുപ്രിയ സുലെ സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ പിടിഐ എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) പങ്കുവച്ചു. അതേസമയം, ‘സെക്യൂരിറ്റി’ എന്നു പറഞ്ഞ് ഒരാൾ ശബ്ദമുയർത്തുന്നതും ഈ വിഡിയോയിൽ കേൾക്കാം.


സിബൽ എത്തുമ്പോൾ ഉദ്ധവ് താക്കറെയും ശിവസേനാ നേതാവ് സഞ്ജയ് റാവത്തും ചേർന്ന് ആരോടോ കാര്യമായി സംസാരിക്കുന്നതും വിഡിയോയിലുണ്ട്. ഇത് കെ.സി.വേണുഗോപാലാണെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. സംഭാഷണത്തിനിടെ സഞ്ജയ് റാവത്ത് ദൃശ്യത്തിലില്ലാത്ത ഒരാൾക്കു നേരെ വിരൽ ചൂണ്ടുന്നതും കാണാം. ഇത് സിബലിനു നേരെയാണെന്നും റിപ്പോർട്ടിൽ പറയുന്നു. പഞ്ചാബ് മുഖ്യമന്ത്രിയും എഎപി നേതാവുമായ ഭഗ്‌വന്ത് മാനുമായി സിബൽ സംസാരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

Advertisement