അവിഹിത ബന്ധമെന്ന സംശയം, യുവതിയേയും ഭർത്താവിനേയും പകുതി മുണ്ഡനം ചെയ്ത് നിരത്തിലൂടെ നടത്തി ഭാര്യയും ബന്ധുക്കളും

Advertisement

ഹൈദരബാദ്: അവിഹിത ബന്ധം ആരോപിച്ച് യുവാവിനേയും യുവതിയേയും തല പകുതി മുണ്ഡനം ചെയ്ത് പൊതുജന മധ്യത്തിലൂടെ നടത്തിച്ച് ബന്ധുക്കള്‍. യുവാവിന്‍റെ ഭാര്യയും ബന്ധുക്കളുും ചേര്‍ന്നായിരുന്നു ഇവരെ പൊതുനിരത്തിലൂടെ നടത്തിയത്. ആന്ധ്ര പ്രദേശിലെ ശ്രീ സത്യ സായി ജില്ലയിലെ ലെപാക്ഷി ഗ്രാമത്തിലാണ് സംഭവം. ഹുസൈന്‍ എന്ന 30കാരനും ഷബാന എന്ന 32 കാരിയേയുമാണ് ബന്ധുക്കള്‍ പൊതു ജന മധ്യത്തിലൂടെ നടത്തിച്ചത്.

ഹുസൈന്‍റെ ഭാര്യ നാസിയയും ബന്ധുക്കളും ചേര്‍ന്നായിരുന്നു നപടി. ഭാര്യയും ബന്ധുക്കളും കൈകള്‍ കെട്ടി നടത്താന്‍ ശ്രമിക്കുന്നതിനിടെ ഹുസൈന്‍ ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചതോടെയാണ് ബന്ധുക്കള്‍ ഇരുവരുടേയും തല പാതി മുണ്ഡനം ചെയ്തത്. നാസിയയുടെ ബന്ധുക്കള്‍ ഇവരെ നിരത്തിലൂടെ നടത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

സംഭവത്തില്‍ ഹിന്ദുപൂര്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്. അനധികൃതമായി തടഞ്ഞുവച്ചതിനും അപമാനിക്കുന്ന രീതിയില്‍ ആക്രമിച്ചതിനും മനപൂര്‍വ്വം പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചതിനുമാണ് കേസ് എടുത്തിരിക്കുന്നത്. വിവാഹ മോചിതയാണ് ഷബാന. രണ്ട് വര്‍ഷം മുന്‍പാണ് ഇവര്‍ വിവാഹ മോചനം നേടിയത്.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അവിഹിത ബന്ധം ആരോപിച്ച് രാജസ്ഥാനിൽ ഭർത്താവും ബന്ധുക്കളും മർദിച്ച് നഗ്നയാക്കി പൊതുജന മധ്യത്തിലൂടെ നടത്തിയ സംഭവം രാജ്യത്തെ ഞെട്ടിച്ചു. സംഭവത്തിൽ പത്തുപേർക്കെതിരെ പൊലീസ് കേസെടുക്കുകയും ഏഴുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. യുവതി ഭർത്താവിനെ വിട്ട് മറ്റൊരു പുരുഷനൊപ്പം താമസിക്കുകയായിരുന്നുവെന്നും അവിടെനിന്നു ഭർത്താവും ബന്ധുക്കളും ബലമായി കൊണ്ടുവന്ന് ന​ഗ്നയാക്കി നാട്ടുകാർക്ക് മുന്നിലൂടെ നടത്തിക്കുകയായിരുന്നു.