ലോകകപ്പ് ജഴ്സിയിൽ ഭാരത് എന്നു മതി, ഇന്ത്യ ബ്രിട്ടിഷുകാർ നൽകിയ പേരെന്ന് സേവാഗ്

Advertisement

മുംബൈ: ടീം ഇന്ത്യ ഏകദിന ലോകകപ്പിൽ ‘ഭാരത്’ എന്നെഴുതിയ ജഴ്സി ധരിക്കണമെന്ന് മുൻ ഇന്ത്യൻ താരം വിരേന്ദർ സേവാഗ്. ഭാരത് എന്ന പേര് ഔദ്യോഗികമായി തന്നെ പുനഃസ്ഥാപിക്കേണ്ട സമയമാണിതെന്നാണ് സേവാഗിന്റെ നിലപാട്.

‘‘നമ്മിൽ അഭിമാനം നിറയ്ക്കുന്ന പേരായിരിക്കണമെന്നു ഞാൻ എന്നും വിശ്വസിച്ചിരുന്നു. നമ്മളെല്ലാം ഭാരതീയരാണ്. ഇന്ത്യയെന്ന പേരു നൽകിയതു ബ്രിട്ടീഷുകാരാണ്. ഭാരത് എന്ന ശരിയായ പേരിലേക്കു മടങ്ങിപ്പോകുന്നത് ഏറെ വൈകിയിരിക്കുന്നു.’’– സേവാഗ് എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) കുറിച്ചു.

ഏകദിന ലോകകപ്പിൽ ഇന്ത്യൻ താരങ്ങളുടെ നെഞ്ചിൽ ഭാരത് എന്ന പേരുവരുന്നതിന് ബിസിസിഐയും ജയ്ഷായും നടപടിയെടുക്കണമെന്നും സേവാഗ് ആവശ്യപ്പെട്ടു. മറ്റു പല രാഷ്ട്രങ്ങളും പഴയ പേരുകളിലേക്കു തിരികെപ്പോയിട്ടുണ്ടെന്നും സേവാഗ് വാദിച്ചു. ‘‘1996ൽ നെതർലൻഡ്സ് ഹോളണ്ട് എന്ന പേരിലാണ് ലോകകപ്പ് കളിക്കാനെത്തിയത്. 2003 ൽ നമ്മൾ അവരെ നേരിട്ടപ്പോൾ അവർ നെതർലൻഡ്സായിരുന്നു. അത് ഇപ്പോഴും തുടരുന്നു. ബ്രിട്ടീഷുകാർ നൽകിയ ബർമ എന്ന പേരിൽനിന്നു മ്യാൻമർ പഴയ പേരിലേക്കു മടങ്ങി.’’ സേവാഗ് വ്യക്തമാക്കി.

മറ്റുപലരും ഇങ്ങനെ ശരിയായ പേരിലേക്ക് മടങ്ങിയിട്ടുണ്ടെന്നും സേവാഗ് എക്സ് പ്ലാറ്റ്ഫോമിൽ വ്യക്തമാക്കി. ഇന്ത്യയുടെ പേര് ‘ഭാരത്’ എന്നാക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നതായി സൂചനയുണ്ട്. ഇതിനു പിന്നാലെയാണ് സേവാഗിന്റെ പ്രതികരണം. പേരുമാറ്റത്തിനായി പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ പ്രമേയം കൊണ്ടുവരുമെന്നാണ് അഭ്യൂഹം. ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാർക്കുള്ള ഔദ്യോഗിക ക്ഷണത്തിൽ ‘ഇന്ത്യൻ രാഷ്ട്രപതി’ എന്നതിനു പകരം ‘പ്രസിഡന്റ് ഓഫ് ഭാരത്‌’ എന്നു രേഖപ്പെടുത്തിയതോടെയാണ് അഭ്യൂഹം പടർന്നത്.

സെപ്റ്റംബർ 9നു നടക്കുന്ന അത്താഴവിരുന്നിലേക്കു ജി20 നേതാക്കളെയും മുഖ്യമന്ത്രിമാരെയും ക്ഷണിച്ചുകൊണ്ടുള്ള കത്തിലാണ് രാഷ്ട്രപതി ദ്രൗപദി മുർമു ഇപ്രകാരം രേഖപ്പെടുത്തിയത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ് ഇന്ത്യയുടെ പേര് ഭാരത് എന്നാക്കണമെന്ന ചർച്ചയ്ക്കു തുടക്കം കുറിച്ചത്. ‘റിപ്പബ്ലിക് ഓഫ് ഭാരത്’ എന്ന് അദ്ദേഹം മുൻപു എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) കുറിച്ചിരുന്നു. ജൂലൈയിൽ പ്രതിപക്ഷ മുന്നണി, ‘ഇന്ത്യ’ (ഇന്ത്യൻ നാഷനൽ ഡവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ്) എന്ന പേര് സ്വീകരിച്ചതിനു ശേഷമായിരുന്നു ഇത്.

Advertisement