ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമായി; സഞ്ജു ഇല്ല, കെ എല്‍ രാഹുല്‍ ടീമില്‍

Advertisement

മുംബൈ: ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ 15 അംഗ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. പകരം കെ എല്‍ രാഹുല്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി തിരിച്ചെത്തി. ഇഷാന്‍ കിഷനാണ് ബാക്ക് അപ്പ് വിക്കറ്റ് കീപ്പർ. ഏഴു ബാറ്റര്‍മാരും നാല് ബൗളര്‍മാരും നാല് ഓള്‍ റൗണ്ടര്‍മാരുമാണ് പതിനഞ്ചംഗ ടീമില്‍ ഉള്ളത്.

രോഹിത് ശര്‍മയാണ് ലോകകപ്പ് ടീമിനെ നയിക്കുക. ഹാർദിക് പാണ്ട്യയാൻ വൈസ് ക്യാപ്റ്റൻ. ഏഷ്യാ കപ്പില്‍ കളിക്കുന്ന സഞ്ജു സാംസണിന് പുറമെ തിലക് വര്‍മ, പ്രസിദ്ധ് കൃഷ്ണ, എന്നിവരേയും ഒഴിവാക്കിയുള്ള ടീമാണ് ഏകദിന ലോകകപ്പിനായി സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ചേര്‍ന്ന് ഇന്ന് പ്രഖ്യാപിച്ചത്.

വിൻഡീസിനെതിരെ മികച്ച പ്രകടനം കാഴ്‌ചവച്ച തിലക് വർമ ടീമിൽ ഇടംനേടുമെന്ന് സൂചന ലഭിച്ചുവെങ്കിലും സൂര്യകുമാര്‍ യാദവിനെതന്നെ പരീക്ഷിക്കാനാണ് മാനേജ്മെന്‍റിന്‍റെ തീരുമാനം. ബാറ്റിംഗ് കൂടി കണക്കിലെടുത്ത് പ്രസിദ്ധ് കൃഷ്ണക്ക് പകരം ഷാര്‍ദ്ദുല്‍ താക്കൂറും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്.

ഒക്ടോബര്‍ അ‍‌ഞ്ചിന് ആരംഭിക്കുന്ന ലോകകപ്പില്‍ എട്ടിന് ഓസ്ട്രേലിയക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം.

ടീം: രോഹിത് ശര്‍മ(C), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ(VC), രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ശര്‍ദുല്‍ ഠാക്കൂര്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് .