സേലത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ ഒമ്നി ഇടിച്ച് കയറി ഒരു കുടുംബത്തിലെ 6 പേർ മരിച്ചു

Advertisement

സേലം: തമിഴ്നാട്ടിലെ സേലം ജില്ലയിലെ ശങ്കരിയില്‍ ബുധനാഴ്ച പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തില്‍ ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.സെല്‍വരാജ് (50), എം അറുമുഖം (48), ഭാര്യ മഞ്ജുള (45), പളനിസാമി (45), ഭാര്യ പാപ്പാത്തി (40), ആര്‍ സഞ്ജന (1) എന്നിവരാണ് മരിച്ചത് .

ഈറോഡ് ജില്ലയിലെ പെരുന്തുരയ്ക്കടുത്ത് കുട്ടംപാളയത്തുള്ളവരാണ് അപകടത്തില്‍പ്പെട്ടത്.റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ മിനിവാന്‍ ഇടിക്കുകയായിരുന്നു.

പളനിസാമിയുടെ മകള്‍ ആര്‍ പ്രിയ (21)യും സേലം സ്വദേശി രാജദുരൈയും രണ്ടു വര്‍ഷം മുന്‍പാണ് വിവാഹിതരായത്. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചു. പ്രിയയുടെ മാതാപിതാക്കളായ പളനിസാമി, പാപ്പാത്തി, ഇവരുടെ ബന്ധുക്കളായ അറുമുഖം, ഭാര്യ മഞ്ജുള, സെല്‍വരാജ് എന്നിവര്‍ ചൊവ്വാഴ്ച വൈകിട്ട് പ്രിയയെയും മകള്‍ സഞ്ജനയെയും വീട്ടിലേക്ക് കൊണ്ടുപോകാന്‍ സേലത്തെത്തി. ഒരു മിനിവാനിലാണ് അവര്‍ എത്തിയത്. അറുമുഖത്തിന്റെ മകന്‍ വിക്കി എന്ന വിഘ്‌നേഷ് (25) ആണ് വാഹനം ഓടിച്ചത്.
രാജദുരൈയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷം രാത്രിയോടെ പ്രിയയ്ക്കും സഞ്ജനയ്ക്കുമൊപ്പം സംഘം പെരുന്തുരയിലേക്ക് മടങ്ങി.ശങ്കരിക്കടുത്ത് ചിന്നഗൗണ്ടനൂര്‍ ഗ്രാമത്തിന് സമീപം വാന്‍ എത്തിയപ്പോള്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ മിനിവാന്‍ ഇടിക്കുകയായിരുന്നു.

മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ശങ്കരി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി