ഇൻഡോർ: കാഴ്ച വൈകല്യമുള്ള ആളുകൾ റെസ്റ്റോറന്‍റുകളിലെ ഭക്ഷണം മെനു വായിക്കാന്‍ ഏറെ പ്രയാസം നേരിടുന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ചെറിയ അക്ഷരങ്ങളില്‍ അച്ചടിച്ച ഭക്ഷണമെനു കാഴ്ച പ്രശ്നമുള്ളവര്‍ക്ക് വായിക്കാന്‍ കഴിയില്ല.
ഈ പ്രശ്നത്തിന് പരിഹാരവുമായി ഒരു റെസ്റ്റോറന്‍റ് രംഗത്തെത്തി. മധ്യപ്രദേശിലെ ഇൻഡോറിലെ ഒരു റെസ്റ്റോറന്‍റാണ് ഇന്ത്യയില്‍ ആദ്യമായി ബ്രെയിൽ ലിപിയിലുള്ള മെനു കാർഡുകൾ അവതരിപ്പിച്ചത്. കാഴ്ച വൈകല്യമുള്ള വ്യക്തികള്‍ക്ക് ഇനി മെനുവിലൂടെ വിരലുകള്‍ ഓടിച്ച് തങ്ങള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം ഓഡര്‍ ചെയ്ത് കഴിക്കാം. ഇന്‍ഡോറിലെ ഗുരുകൃപ റെസ്റ്റോറന്‍റാണ് കഴിഞ്ഞ ശനിയാഴ്ച മുതല്‍ തങ്ങളുടെ പുതിയ പരിഷ്ക്കാരം ആരംഭിച്ചതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
പുതിയ മെനു ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്നതിനായി റെസ്റ്റോറന്‍റ് മഹേഷ് ദൃഷ്ടിഹിൻ കല്യാൺ സംഘിൽ നിന്നുള്ള കാഴ്ച വൈകല്യമുള്ള കുട്ടികളെ ഭക്ഷണം കഴിക്കാനായി ക്ഷണിച്ചു. ബ്രെയിൽ ലിപിയിൽ ആലേഖനം ചെയ്തിരിക്കുന്ന മെനു കാർഡുകൾ പരിശോധിച്ച് ഈ കുട്ടികൾക്ക് സ്വതന്ത്രമായി ഓർഡറുകൾ നല്‍കി ഭക്ഷണം കഴിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. റെസ്റ്റോറന്‍റ് ഓപ്പറേറ്റർമാരും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ യംഗ് ഇന്ത്യൻസ് ഗ്രൂപ്പും തമ്മിലുള്ള കൂടിക്കാഴ്ചയിൽ നിന്നാണ് ഈ സംരംഭത്തിന് പ്രേരണ ലഭിച്ചതെന്ന് റെസ്റ്റോറന്‍റ് ഉടമകള്‍ പറഞ്ഞു.
“മഹേഷ് ദൃഷ്ടിഹിൻ കല്യാൺ സംഘിലെ കാഴ്ച വൈകല്യമുള്ള കുട്ടികളെ റെസ്റ്റോറന്‍റിലേക്ക് ഭക്ഷണം കഴിക്കാന്‍ ഞങ്ങൾ ക്ഷണിച്ചിട്ടുണ്ട്. അവർക്കായി ഞങ്ങൾ റെസ്റ്റോറന്‍റിൽ ബ്രെയിൽ ലിപിയില്‍ മെനു കാർഡുകൾ നൽകി. ഈ ബ്രെയിലി സ്ക്രിപ്റ്റ് കാർഡുകൾ കഴ്ച പരിമിതരായ ആളുകൾക്കായി ഇന്ന് മുതൽ ഈ റെസ്റ്റോറന്‍റിൽ സൂക്ഷിക്കും.” യംഗ് ഇന്ത്യൻ ഗ്രൂപ്പിന്‍റെ ചെയർപേഴ്‌സൺ ഭാവ്‌ന ഗനേദിവാൾ എഎന്‍ഐയോട് പറഞ്ഞു. ചണ്ഡീഗഡിൽ നിന്ന് കൂടുതല്‍ ബ്രെയിൽ സ്ക്രിപ്റ്റ് കാർഡുകള്‍ ഓർഡർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. “ഇത്തരം 10 കാർഡുകൾ ഞങ്ങൾ മറ്റ് റെസ്റ്റോറന്‍റുകളിലേക്കും അയയ്ക്കും. ഈ റെസ്റ്റോറന്‍റുകളെല്ലാം ബ്രെയിലി സ്‌ക്രിപ്റ്റ് മെനു കാർഡുകൾ കൈവശം വയ്ക്കാൻ സമ്മതിച്ചിട്ടുണ്ട്,” അദ്ദേഹം കൂട്ടിചേര്‍ത്തു. തങ്ങളുടെ പരിഷ്ക്കാരം കാഴ്ച വൈകല്യമുള്ള ഉപഭോക്താക്കൾക്ക് കൂടുതല്‍ ആത്മവിശ്വാസവും ആത്മാഭിമാനവും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.