ദിവ്യ സ്പന്ദന അന്തരിച്ചെന്ന് വ്യാജ പ്രചാരണം; യാത്രയിലാണെന്ന് കുടുംബം

Advertisement

ബെംഗളൂരു: മുൻ എംപിയും നടിയുമായ ദിവ്യ സ്‍പന്ദന അന്തരിച്ചതായി വ്യാജ പ്രചരണം. വിദേശത്ത് യാത്രയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു എന്നാണ് പ്രചാരണം. ദിവ്യ സ്‍പന്ദന നിലവിൽ ജനീവയിൽനിന്ന് പ്രാഗിലേക്കു യാത്ര ചെയ്യുകയാണെന്നും അവരുടെ ആരോഗ്യത്തിനു കുഴപ്പവുമില്ലെന്നും കുടുംബവും സുഹൃത്തുക്കളും അറിയിച്ചു.

രണ്ട് ദിവസത്തിനുശേഷം അവർ ബെംഗളൂരുവിൽ എത്തുമെന്നും ദിവ്യ സ്‍പന്ദനയുടെ കുടുംബം വ്യക്തമാക്കി. വ്യാജ വാർത്തകൾ പ്രചരിക്കുന്നതിൽ അസ്വസ്ഥരാണെന്നും ഇല്ലാത്ത വാർത്ത പ്രചരിപ്പിക്കരുത് എന്നും ദിവ്യയുടെ സുഹൃത്തുക്കൾ അഭ്യര്‍ഥിച്ചു.

ആത്മഹത്യാ പ്രേരണയുണ്ടായിരുന്നുവെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണ് മാനസിക പിന്തുണ നൽകിയതെന്നും അടുത്തിടെ ദിവ്യ വെളിപ്പെടുത്തിയിരുന്നു.

കോണ്‍ഗ്രസിലൂടെ ആയിരുന്നു താരത്തിന്റെ രാഷ്‍ട്രീയ പ്രവേശം. 2013ൽ കർണ്ണാടകയിലെ മാണ്ഡ്യ ലോക്സഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചാണ് ദിവ്യ സ്‍പന്ദന എന്ന രമ്യ ലോക്സഭയിലേക്ക് എത്തിയത്. തൊട്ടടുത്ത വർഷത്തെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും ചെയ്‍തു.

നിരവധി കന്നഡ, തമിഴ് സിനിമകളില്‍ ചെറുതും വലുതുമായ മികച്ച വേഷങ്ങളില്‍ നടിയായി ദിവ്യാ സ്‍പന്ദന തിളങ്ങി. അതിഥി വേഷങ്ങളിലും ദിവ്യ എത്തിയിട്ടുണ്ട്. ദിവ്യക്ക് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. മികച്ച നടിക്കുള്ള കര്‍ണാടക സര്‍ക്കാരിന്റെ അവാര്‍ഡും ദിവ്യ സ്‍പന്ദനയെ തേടിയെത്തി. ദിവ്യ നിലവില്‍ സിനിമയില്‍ സജീവമല്ല.