സ്ത്രീയുടെ ചാരിത്ര്യശുദ്ധിക്കെതിരെ ദുരാരോപണങ്ങൾ ഉന്നയിക്കുന്നതിനേക്കാൾ വലിയ ക്രൂരതയില്ലെന്ന് കോടതി

Advertisement

ന്യൂഡൽഹി: ഭർത്താവിൽ നിന്ന് പിരിഞ്ഞ് താമസിക്കുന്ന സ്ത്രീയ്ക്ക് വിവാഹ മോചനം അനുവദിച്ച് കോടതി നടത്തിയ പരാമർശങ്ങൾ ചർച്ചയാവുന്നു. സ്ത്രീയുടെ ചാരിത്ര്യശുദ്ധിക്കെതിരായ ദുരാരോപണങ്ങൾ ഉന്നയിക്കുന്നതിനേക്കാൾ വലിയ ക്രൂരതയില്ലെന്ന നിരീക്ഷണത്തോടെയാണ് കോടതിയുടെ തീരുമാനം.

ഡൽഹി ഹൈക്കോടതിയാണ് വിവാഹ മോചനം അനുവദിച്ച് സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയത്. സാമ്പത്തിക സ്ഥിരതയില്ലാത്ത അവസ്ഥ എപ്പോഴും ആകുലതകൾക്ക് കാരണം ആകും. ഭർത്താവിന് സാമ്പത്തിക സ്ഥിരതയില്ലാതെ വരുന്നത് ഭാര്യക്ക് സ്ഥിരമായി മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നതിന് കാരണമാകുന്നുവെന്നും കോടതി വിശദമാക്കി.

മാനസിക ബുദ്ധിമുട്ടുണ്ടാക്കി എന്നതിനെ പല രീതിയിൽ നിർവ്വചിക്കാം എന്ന് വിശദമാക്കിയാണ് കോടതിയുടെ നിരീക്ഷണം. കോടതി പരിഗണിച്ച കേസിൽ ഭാര്യ ജോലി ചെയ്യുകയും ഭർത്താവ് തൊഴിൽ രഹിതനുമാണ്. ഇത് ഇരുവർക്കും ഇടയിൽ വലിയ രീതിയിലുള്ള സാമ്പത്തിക പരമായ വിടവും അസമത്വവും സൃഷ്ടിക്കും. ഇത് ഭർത്താവിന് പരാജിതനാണെന്ന തോന്നലുപോലും സൃഷ്ടിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. ഉപേക്ഷിക്കലിനും ക്രൂരതയും അടിസ്ഥാനമാക്കി വിവാഹ മോചനം അനുവദിക്കാനാവില്ലെന്ന കുടുംബ കോടതിയുടെ ഉത്തരവിനെതിരെയാണ് യുവതി കോടതിയെ സമീപിച്ചത്. ഭർതൃ സഹോദരനും മറ്റ് നിരവധി പേരുമായി ബന്ധപ്പെടുത്തി വിവാഹേതര ബന്ധം അടക്കമുള്ള നിരവധി ആരോപണങ്ങളാണ് ഭർത്താവ് യുവതിക്കെതിരെ നടത്തിയത്. എന്നാൽ അലസമായി പറഞ്ഞ കാര്യങ്ങളാണ് യുവതി ഗുരുതരമായി എടുത്തതെന്നായിരുന്നു ഭർത്താവ് കോടതി അറിയിച്ചത്.

ഇതിലാണ് ചാരിത്ര്യശുദ്ധിക്കെതിരായ ദുരാരോപണങ്ങൾ ഉന്നയിക്കുന്നതിനേക്കാൾ വലിയ ക്രൂരതയില്ലെന്ന് ഹൈക്കോടതി വിശദമാക്കിയത്. ജസ്റ്റിസ് സുരേഷ് കുമാർ കെയ്റ്റ്, നീന ബൻസൽ കൃഷ്ണ എന്നിവരടങ്ങുന്ന ബെഞ്ചിന്റെതാണ് തീരുമാനം. 1996 ഡിസംബറിലാണ് ക്രൂരതയുടെ പശ്ചാത്തലത്തിൽ യുവതി മാറി താമസിച്ചത് 1989ൽ വിവാഹിതരായ ഇവർക്ക് കുട്ടികൾ ഇല്ല. ഡൽഹി സർവ്വകലാശാലയിൽ നിന്ന് പഠനം പൂർത്തിയാക്കിയ ഭർത്താവിന് വിവാഹ സമയത്ത് ജോലിയുണ്ടായിരുന്നുവെന്നും പതിനായിരം രൂപ മാസ വരുമാനമുണ്ടായിരുന്നുവെന്നും അവകാശപ്പെട്ടായിരുന്നു വിവാഹാലോചന വന്നത്. എന്നാൽ വിവാഹത്തിന് ശേഷമാണ് ഭർത്താവ് ബിരുദം പോലും പൂർത്തിയാക്കിയിട്ടില്ലെന്നും തൊഴിൽ ചെയ്യാൻ താൽപര്യമില്ലാത്ത ആളാണെന്നും വ്യക്തമായത്.

അമ്മ നൽകുന്ന പണം ഉപയോഗിച്ച് ജീവിതം മുന്നോട്ട് പോകുന്നതായിരുന്നു ഇയാളുടെ രീതി. ഭാര്യ വിവാഹത്തിന് മുൻപുണ്ടായിരുന്ന ജോലി ഉപേക്ഷിക്കാത്തതും ഇരുവരും തമ്മിൽ വാക്കുതർക്കത്തിന് കാരണമായിരുന്നുവെന്നാണ് പരാതിക്കാരി വിശദമാക്കിയത്. 27 വർഷമായി പിരിഞ്ഞ് താമസിക്കുന്നത് തന്നെ ബന്ധത്തിൽ തുടരാൻ ഇവർക്ക് താൽപര്യമില്ലെന്നത് വ്യക്തമാക്കുന്നുവെന്ന് വിശദമാക്കി ഹൈക്കോടതി സ്ത്രീയ്ക്ക് വിവാഹ മോചനം അനുവദിച്ച് നൽകുകയായിരുന്നു.

Advertisement