അഹമ്മദാബാദ്: അമേരിക്കയിൽ പോയ ഭാര്യ രണ്ടാഴ്ചക്ക് ശേഷം തന്നെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം ചെയ്താതയി യുവാവിന്റെ പരാതി. യുഎസിൽ ഗ്രീൻ കാർഡ് ഉടമയായ ഭാര്യക്കൊപ്പം താമസിക്കണമെന്ന തന്റെ ആഗ്രഹം ഇതോടെ ഇല്ലാതായെന്ന് അദ്ദേഹം പരാതിയിൽ പറഞ്ഞു.
അഹമ്മദാബാദ് സ്വദേശിയായ യുവാവാണ് പരാതിക്കാരൻ. തന്റെ പണം ഉപയോഗിച്ചാണ് ഭാര്യ അമേരിക്കയിലേക്ക് പോയതെന്നും രണ്ടാഴ്ചക്ക് ശേഷം ഫോണിലൂടെ തന്നെ ഉപേക്ഷിച്ചെന്ന് അറിയിക്കുകയും ചെയ്തെന്നും യുവാവ് പറഞ്ഞു. പിന്നീട് യുവതി മറ്റൊരു വിവാഹം കഴിച്ചതായി അറിഞ്ഞു. ശാന്തിഗ്രാം നിവാസിയായ യേഷാ പട്ടേലിനെതിരെയാണ് ഹിതേന്ദ്ര ദേശായി എന്ന യുവാവ് പരാതിയുമായി സമീപിച്ചത്.
2013 മുതൽ വിദ്യാർത്ഥികളായിരിക്കുമ്പോൾ പ്രണയത്തിലായിരുന്നെന്ന് യുവാവ് വ്യക്തമാക്കി. വ്യത്യസ്ത സമുദായങ്ങളിൽപ്പെട്ട ഇരുവരും 2017 മാർച്ച് 28 ന് വിവാഹിതരാകാൻ തീരുമാനിച്ചു. എന്നാൽ വിവാഹിതരായ വിശേഷം കുടുംബങ്ങളിൽ നിന്ന് മറച്ചുവെച്ചു. യുഎസിലേക്ക് പോയി പുതിയ ജീവിതം ആരംഭിക്കാൻ ഇരുവരും തീരുമാനിച്ചു. ഗ്രീൻ കാർഡ് ലഭിച്ച ഭാര്യ യേഷാ പട്ടേലാണ് ആദ്യം യുഎസിലേക്ക് പുറപ്പെട്ടത്. എത്തിയ ഉടൻ തന്നെ ഭർത്താവിനെ അമേരിക്കയിലേക്ക് കൊണ്ടുപോകാനുള്ള എല്ലാ ഒരുകാര്യങ്ങളും ചെയ്യാമെന്ന് വാഗ്ദാനവും നൽകി. യാത്രക്കായി 5,000 ഡോളർ നൽകിയതായി ഭർത്താവ് പറഞ്ഞു. എന്നാൽ, ഇന്ത്യയിൽ നിന്ന് പുറപ്പെട്ടതിന് ശേഷം ഏകദേശം രണ്ടാഴ്ചത്തേക്ക് ദേശായിയുമായി പട്ടേൽ ബന്ധം തുടർന്നു.
പിന്നീട് വിളിക്കാതെയായി. ഭർത്താവുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചെന്ന് യുവതി മാതാപിതാക്കളെ അറിയിച്ചതായി പറഞ്ഞു. യുവതിയുടെ മാതാപിതാക്കൾ വിവാഹമോചനത്തിന് ആവശ്യപ്പെട്ടെങ്കിലും നിരസിച്ചതായും യുവാവ് പറഞ്ഞു. പിന്നീട് 2020 ഫെബ്രുവരിയിൽ യുവതി വീണ്ടും വിവാഹം കഴിച്ചതായി അറിഞ്ഞെന്നും അദ്ദേഹം പരാതിപ്പെട്ടു. യുവാവിന്റെ പരാതിയിൽ ഐപിസി വിവിധ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു.