വ്യവസായിയെ പറ്റിച്ച് 16 കോടി തട്ടിയെടുത്തെന്ന കേസില്‍ ചലച്ചിത്ര നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരന്‍ അറസ്റ്റില്‍

Advertisement

വ്യവസായിയെ പറ്റിച്ച് 16 കോടി തട്ടിയെടുത്തെന്ന കേസില്‍ ചലച്ചിത്ര നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരന്‍ അറസ്റ്റില്‍. സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് ആണ് ് രവീന്ദര്‍ ചന്ദ്രശേഖറിനെ അറസ്റ്റ് ചെയ്തത്. ലിബ്ര പ്രൊഡക്ഷന്‍സ് എന്ന ബാനറില്‍ രവീന്ദര്‍ ചന്ദ്രശേഖരന്‍ നിരവധി സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്.
ചെന്നൈ സ്വദേശിയായ ബാലാജിയാണ് പരാതിക്കാരന്‍. 2020-ലാണ് പരാതിക്കാസ്പദമായ സംഭവം നടക്കുന്നത്. മാലിന്യത്തെ ഊര്‍ജമാക്കി മാറ്റുന്ന ഒരു പദ്ധതിയുടെ പേര് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത് എന്നാണ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന് ലഭിച്ച പരാതിയില്‍ പറയുന്നത്. 2020 ഒക്ടോബറിലാണ് പുതിയ പ്രൊജക്ടിന്റെ പേര് പറഞ്ഞ് രവീന്ദര്‍ ബാലാജിയെ സമീപിക്കുന്നത്. തുടര്‍ന്ന് സെപ്റ്റംബര്‍ 17ന് ഇവര്‍ തമ്മില്‍ നിക്ഷേപ കരാറില്‍ ഏര്‍പ്പെട്ടു.
15,83,20,000 രൂപ ബാലാജി നല്‍കുകയും ചെയ്തു. എന്നാല്‍ തുക കൈപ്പറ്റിയ ശേഷം രവീന്ദര്‍ ബിസിനസ്സ് ആരംഭിക്കുകയോ പണം തിരികെ നല്‍കുകയോ ചെയ്തില്ല എന്നാണ് പരാതിയില്‍ പറയുന്നത്. പോലീസ് അന്വേഷണത്തില്‍ ബാലാജിയില്‍ നിന്ന് നിക്ഷേപം നേടിയെടുക്കാന്‍ രവിന്ദര്‍ വ്യാജരേഖയുണ്ടാക്കിയതായി കണ്ടെത്തി. കമ്മീഷണര്‍ സന്ദീപ് റായ് റാത്തോഡിന്റെ നിര്‍ദേശപ്രകാരം പോലീസ് ഒളിവില്‍പ്പോയ പ്രതിയെ ചെന്നൈയില്‍ നിന്ന് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇത് ആദ്യമായല്ല രവീന്ദര്‍ വിവാദത്തില്‍പ്പെടുന്നത്. ടെലിവിഷന്‍ താരവും അവതാരകയുമായ മഹാലക്ഷ്മിയുമായുള്ള അദ്ദേഹത്തിന്റെ വിവാഹം ഏറെ ചര്‍ച്ചയായിരുന്നു.

Advertisement