ന്യൂ ഡെൽഹി : ജി20 ഉച്ചകോടിയോട് അനുബന്ധിച്ചുള്ള അത്താഴ വിരുന്നതിലേക്ക് കോൺഗ്രസ് പ്രസിഡന്റും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുന ഖാർഗെയ്ക്ക് ക്ഷണമില്ല. ഇതിനെ വിമർശിച്ച് രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ രംഗത്തുവന്നു. ഇന്ത്യയിലെ ജനസംഖ്യയുടെ 60 ശതമാനത്തിന്റെ നേതാവിനെ കേന്ദ്രസർക്കാർ വില മതിക്കുന്നില്ലെന്ന് രാഹുൽ വിമർശിച്ചു.
പ്രതിപക്ഷ നേതാവിനെ ക്ഷണിക്കേണ്ടതില്ലെന്നാണ് കേന്ദ്രത്തിന്റെ തീരുമാനം. എന്തുകൊണ്ടാണ് അവർ അങ്ങനെ ചെയ്യുന്നതെന്നും എന്തുതരം ചിന്താഗതിയാണെന്നും ജനങ്ങൾ ചിന്തിക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. ജനാധിപത്യമോ പ്രതിപക്ഷമോ ഇല്ലാത്ത രാജ്യങ്ങളിൽ മാത്രമേ ഇത് സംഭവിക്കൂവെന്ന് കോൺഗ്രസ് നേതാവ് പി ചിദംബരം പ്രതികരിച്ചു. ലോകനേതാക്കൾക്കുള്ള അത്താഴ വിരുന്നിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്ത ജനാധിപത്യ രാജ്യമെന്നത് മറ്റെവിടെയും സങ്കൽപ്പിക്കാനാകില്ലെന്നും ചിദംബരം പറഞ്ഞു.