371 കോടിയുടെ അഴിമതിക്കേസിൽ അറസ്റ്റിലായ തെലുഗ് ദേശം പാർട്ടി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിനെ അൽപ്പസമയത്തിനകം കോടതിയിൽ ഹാജരാക്കും. ഇതിന് മുന്നോടിയായി വൈദ്യപരിശോധനയ്ക്ക് എത്തിച്ചു. വിജയവാഡ സർക്കാർ ആശുപത്രിയിലാണ് മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചിരിക്കുന്നത്. അല്പസമയത്തിനകം നായിഡുവിനെ കോടതിയിൽ ഹാജരാക്കും. വിജയവാഡ മെട്രോ പൊളിറ്റൻ മജിസ്ട്രേറ്റ് 3 കോടതിക്ക് മുൻപാകെയാണ് ഹാജരാക്കുക. നായിഡുവിന് വേണ്ടി ഹൗസ് പെറ്റിഷനുമായി കോടതിയിൽ ഹാജരാക്കാൻ വൈകുന്നതിന് എതിരെ അഭിഭാഷകർ മജിസ്ട്രെറ്റിന്റെ വസതിയിൽ എത്തിയെങ്കിലും പൊലീസ് അകത്തേക്ക് കടത്തി വിട്ടിരുന്നില്ല. പ്രമുഖ അഭിഭാഷകൻ സിദ്ധാർഥ് ലുത്രയാണ് കോടതിയിൽ ഇപ്പോൾ നായിഡുവിന് വേണ്ടി ഹാജരാകുക. ഇതിനായി ലുത്രയെ ഇന്നലെ വൈകിട്ട് തന്നെ ദില്ലിയിൽ നിന്ന് വിളിച്ചു വരുത്തിയിരുന്നു.
11 മണിക്കൂർ നീണ്ട നായിഡുവിന്റെ ചോദ്യം ചെയ്യൽ അവസാനിച്ചു. സിഐഡി വിഭാഗമായിരുന്നു ചോദ്യം ചെയ്യൽ നടത്തിയത്. നായിഡുവിന് 10 ചോദ്യങ്ങൾ അടങ്ങിയ ചോദ്യാവലി നൽകിയെങ്കിലും ചോദ്യം ചെയ്യലുമായി സഹകരിച്ചില്ലെന്ന് സിഐഡി ഉദ്യോഗസ്ഥർ അറിയിച്ചു.