എക്കാലത്തേയും സൂപ്പര്‍ഹിറ്റ് ചിത്രമായ റോജയിലൂടെ പ്രേക്ഷക മനസ്സുകളില്‍ തന്റെതായ ഇടം ഉറപ്പിച്ച നടനാണ് അരവിന്ദ് സ്വാമി. 1991-ലെ ഹിറ്റ് ചിത്രമായ ദളപതി എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലേക്ക് അദ്ദേഹം ചുവടു വെച്ചത്.
മൗനം, ഡാഡി, ദേവരാഗം തുടങ്ങിയ മലയാള ചിത്രങ്ങളിലും അരവിന്ദ് സ്വാമി അഭിനയിച്ചിരുന്നു. എന്നാല്‍ പെട്ടന്നാണ് അദ്ദേഹം അഭിനയത്തില്‍ നിന്നും ബ്രേക്ക് എടുത്തത്. പിന്നീട് തനി ഒരുവന്‍ എന്ന ചിത്രത്തിലൂടെ വില്ലനായുള്ള തിരിച്ചുവരവ് ആരാധകര്‍ ആഘോഷമാക്കി. പതിവില്‍നിന്നും വ്യത്യസ്തമായി വില്ലത്തരവും വഴങ്ങുമെന്നും അദ്ദേഹം തെളിയിച്ചത് തിരിച്ചുവരവിലായിരുന്നു. മണിരത്‌നം ചിത്രങ്ങളിലൂടെയാണ് ഇന്നും അരവിന്ദ് സ്വാമിയുടെ പേര് ചര്‍ച്ചയാവുന്നത്.
എന്നാല്‍ സിനിമയെ വെല്ലുന്ന സംഭവബഹുലമാണ് അരവിന്ദ് സ്വാമിയുടെ ജീവിതം. ഇപ്പോഴിതാ അരവിന്ദ് സ്വാമി തന്റെ മകനാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍ ഡല്‍ഹി കുമാര്‍. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജനിച്ചയുടനെ അരവിന്ദ് സ്വാമിയെ സഹോദരിക്ക് ദത്ത് നല്‍കിയെന്നും പിന്നീട് മകനുമായി ആ ഒരു ബന്ധം നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെന്നും നടന്‍ അഭിമുഖത്തില്‍ പറഞ്ഞു.
‘അരവിന്ദ് സ്വാമി എന്റെ മകനാണ്. ജനിച്ചയുടനെ സഹോദരി ദത്തെടുക്കുകയായിരുന്നു. അവന്‍ അവരുമായി വേഗം പൊരുത്തപ്പെട്ടു. കുടുംബത്തില്‍ എന്തെങ്കിലും വിശേഷമുണ്ടെങ്കില്‍ മാത്രമേ വരാറുള്ളൂ. വളരെ പെട്ടെന്ന് തന്നെ അവിടെ നിന്ന് പോവുകയും ചെയ്യും.അതുകൊണ്ട് തന്നെ ഞങ്ങള്‍ക്കിടയില്‍ പിന്നീട് ആ ബന്ധം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല’. അരവിന്ദ് സ്വാമിക്കൊപ്പം സിനിമ ചെയ്യുന്നതില്‍ ബുദ്ധിമുട്ടില്ലെന്നും ഡല്‍ഹി കുമാര്‍ വ്യക്തമാക്കി. നല്ലൊരു അവസരം ലഭിച്ചാല്‍ സിനിമ ചെയ്യും- ഡല്‍ഹി കുമാര്‍ പറഞ്ഞു. അതെസമയം വിക്കിപീഡിയയില്‍ അരവിന്ദ് സ്വാമിയുടെ അച്ഛന്റെ പേര് വി.ഡി. സ്വാമി എന്നാണ്. വ്യവസായിയും ചെന്നൈയിലെ പ്രമുഖ കണ്ണാശുപത്രിയുടെ സ്ഥാപകനുമാണ് ഇദ്ദേഹം.