ന്യൂഡൽഹി: ചൈനയുടെ സ്വപ്ന പദ്ധതിയായ ബെൽറ്റ് റോഡ് പദ്ധതിയിൽ നിന്ന് പിന്മാറാനൊരുങ്ങി ഇറ്റലി. അമേരിക്കയുമായുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയെ തുടർന്നാണ് ഇറ്റലി പിന്മാറുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കരാറിൽ നിന്ന് ഇറ്റലി പിന്മാറിയേക്കുമെന്ന് പ്രധാനമന്ത്രി ജോർജിയ മെലോണി ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ്ങിന് സൂചന നൽകിയെന്നും വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ നടന്ന 20 പേരുടെ ഉച്ചകോടിക്കിടെയാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങിന്റെ സ്വപ്ന പദ്ധതിയായ ബെൽറ്റ് ആൻഡ് റോഡിൽ നിന്ന് ഇറ്റലി പിന്മാറാൻ പദ്ധതിയിടുന്നതായി മെലോനി പറഞ്ഞത്.
അതേസമയം ചൈനയുമായി സൗഹൃദബന്ധം നിലനിർത്താൻ ആഗ്രഹിക്കുന്നുവെന്നും അവർ വ്യക്തമാക്കി. 2019ലാണ് ഇറ്റലി ഔദ്യോഗികമായി കരാറിൽ ഒപ്പുവച്ചത്. അതേസമയം, കരാറിൽ നിന്ന് പിന്മാറുന്നത് ഔദ്യോഗികമായി അറിയിക്കാൻ ഇറ്റലി തയ്യാറായിട്ടില്ല. ചൈനയുമായി വിപുലമായ വ്യാപാര ബന്ധമാണ് ഇറ്റലിക്കുള്ളത്. കരാറിൽ നിന്ന് പിന്മാറുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപര ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഇറ്റലി കണക്കുകൂട്ടുന്നു. കരാറിൽ നിന്ന് പിന്മാറാൻ ഉദ്ദേശിക്കുന്നതായി ഇറ്റലി സഖ്യകക്ഷികൾക്ക് സൂചന നൽകിയതായി ബ്ലൂംബെർഗ് ഈ വർഷമാദ്യം റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ, ഇക്കാര്യം എങ്ങനെ അറിയിക്കണമെന്നതിൽ ഇറ്റാലിയൻ സർക്കാറിന് തീരുമാനമായിട്ടില്ല. വരും മാസങ്ങളിൽ താൻ ചൈന സന്ദർശിക്കുമെന്നും പ്രശ്നം സങ്കീർണമാണെന്നും ആണെന്നും മെലോണി പറഞ്ഞു. കരാറിൽ നിന്ന് പിന്മാറിയാൽ ഇറ്റലി പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഇറ്റലിയിലെ ചൈനീസ് അംബാസഡർ മുന്നറിയിപ്പ് നൽകിയിരുന്നു.
ജി20 ഉച്ചകോടിയിൽ സ്വപ്ന പദ്ധതിയായ ഇന്ത്യ-ഗൾഫ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ചൈനയുടെ വൺ ബെൽറ്റ് പദ്ധതിക് ബദൽ ആയ പദ്ധതിയാണ് ജി 20 രാജ്യങ്ങളുടെ ഉച്ചകോടിയിൽ പ്രഖ്യാപനമായത്. ഇന്ത്യ-ഗൾഫ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി യാഥാർത്ഥ്യമാകുമ്പോഴുള്ള നേട്ടത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡനും വിവരിച്ചു. രാജ്യങ്ങളെ ബന്ധിപ്പിക്കുന്നത് ആണ് ഇടനാഴിയുടെ പ്രഥമ പരിഗണനയെന്നാണ് മോദി പറഞ്ഞത്. ഇന്ത്യയിൽ തുടങ്ങി യൂറോപ്പിലേക്ക് നീളുന്ന സാമ്പത്തിക ഇടനാഴി അടുത്ത തലമുറക്ക് ആയി അടിത്തറ പാകുന്നതാണെന്നും മോദി വിവരിച്ചു. പുതിയ അവസരങ്ങൾക്ക് വഴി തുറക്കുകയാണ് ലക്ഷ്യമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അഭിപ്രായപ്പെട്ടത്.
Advertisement