അമരാവതി: ആന്ധ്ര പ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് കുരുക്ക് മുറുകുന്നു. വിജയവാഡയിലെ വിചാരണക്കോടതിയിൽ മറ്റൊരു അഴിമതിക്കേസിൽ കൂടി നായിഡുവിനെതിരെ ഹർജി എത്തി.
അമരാവതി റിങ് റോഡ് അഴിമതിക്കേസിൽ നായിഡുവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹർജി എത്തിയത്. അമരാവതി എന്ന പുതു തലസ്ഥാനനഗരിക്ക് പുറത്ത് വിഭാവനം ചെയ്യപ്പെട്ട ഔട്ടർ റിങ് റോഡിൻറെ രൂപരേഖയുമായി ബന്ധപ്പെട്ടതാണ് ഈ അഴിമതി കേസ്. ചില സ്വകാര്യകമ്പനികളെ സഹായിക്കുന്ന തരത്തിലാണ് റിങ് റോഡിൻറെ അലൈൻമെൻറെന്ന് നേരത്തേ ആരോപണമുയർന്നിരുന്നു. സ്വകാര്യ കമ്പനികളുടെ ഭൂമിയിലൂടെ റോഡ് നിർമിക്കുക വഴി അവർക്ക് ലാഭമുണ്ടാക്കി നൽകുകയും ഖജനാവിന് നഷ്ടമുണ്ടാക്കുകയും ചെയ്തു എന്നതാണ് കേസ്. കേസിൽ 2022 മെയിൽ സി ഐ ഡി ചന്ദ്രബാബു നായിഡുവിനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരുന്നതാണ്.
അതേസമയം 371 കോടി രൂപയുടെ അഴിമതിക്കേസിൽ റിമാൻഡിലായ ചന്ദ്രബാബു നായിഡുവിൻറെ ജയിൽവാസം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. രാജമന്ധ്രി സെൻട്രൽ ജയിലിലെ 7691-ാം നമ്പർ തടവുകാരനാണ് നായിഡു. ജയിലിലെ ‘സ്നേഹ’ ബ്ലോക്കിൽ പ്രത്യേക മുറിയാണ് നായിഡുവിന് നൽകിയിരിക്കുന്നത്. 73 – കാരനായ നായിഡുവിന് വീട്ടിൽ നിന്ന് ഭക്ഷണവും കൃത്യസമയത്ത് മരുന്നുകളും നൽകാൻ റിമാൻഡ് അനുവദിച്ച് കൊണ്ടുള്ള ഉത്തരവിൽ കോടതി നിർദേശിച്ചിട്ടുണ്ട്. മുൻ മുഖ്യമന്ത്രി കൂടിയായതിനാൽ കർശന സുരക്ഷയാണ് നായിഡുവിന് ഒരുക്കുന്നത്. കോടതി റിമാൻഡ് ചെയ്തതോടെ നായിഡുവിനെ ഇന്നലെ രാത്രി തന്നെ കനത്ത സുരക്ഷാ സന്നാഹങ്ങളോടെ രാജമന്ധ്രി ജയിലിലേക്ക് മാറ്റിയിരുന്നു.
നായിഡുവിൻറെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനവ്യാപകമായി ബന്ദ് നടക്കുകയാണ്. സംസ്ഥാനമെമ്പാടും കടുത്ത പ്രതിഷേധമുയർത്താനാണ് തെലുങ്കുദേശം പാർട്ടി (ടി ഡി പി)യുടെ തീരുമാനം. സംസ്ഥാനത്തെമ്പാടും പൊലീസ് കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.